കൂറ്റനാട് പ്രസ് ക്ലബ് മീറ്റ് ദി കാൻഡിഡേറ്റ് സംഘടിപ്പിച്ചു

 




കൂറ്റനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ
പങ്കെടുത്ത നാല് സ്ഥാനാർത്ഥികളും വികസനത്തിലൂന്നിയത് ശ്രദ്ധേയമായി.

കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന തൃത്താല നിയോജക മണ്ഡലത്തിലെ
നാല് സ്ഥാനാർത്ഥികളാണ് മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുത്തത്. 

നാട് ആകാംക്ഷയോടെ ഉറ്റുനോക്കിയ സ്ഥാനാർത്ഥികളുടെ വെല്ലുവിളികളും വികസന ചർച്ചകളും ആരോപണ-പ്രത്യാരോപണങ്ങളും
മത്സരാന്തരീക്ഷത്തെ ആവേശത്തിലാക്കിയ ഘട്ടത്തിലാണ് നാലുപേരും മാധ്യമ പ്രവർത്തകരുടെ മുന്നിൽ മനസ് തുറന്നത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷ്, യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി ബൽറാം, എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ഷഹീർ ചാലിപ്പുറം എന്നിവരാണ് പ്രചാരണ തിരക്കിനിടയിൽ സമയം കണ്ടെത്തി പ്രസ് ക്ലബിൽ എത്തിയത്. നാടിൻ്റെ വികസനമാണ് സ്ഥാനാർത്ഥികൾ ചർച്ച ചെയ്തത്.

കഴിഞ്ഞ അഞ്ച് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും അടുത്ത അഞ്ച് വർഷത്തെ പ്രകടന പത്രികയുമായാണ് രണ്ടാമൂഴം തേടുന്ന മന്ത്രി കൂടിയായ എം.ബി രാജേഷ് എത്തിയത്. 

വാർത്തകളിൽ നിറഞ്ഞു നിന്ന സുസ്ഥിര തൃത്താല, എൻലൈറ്റ് സ്‌കോളർഷിപ്പ്, അൻപോട് തൃത്താല തുടങ്ങിയ തനതു പദ്ധതികളുടെ പ്രോഗ്രസ് റിപ്പോർട്ടും പ്രകടന പത്രികയും എം.ബി രാജേഷ് വിശദീകരിച്ചു.

തുടർന്ന് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായി.

രണ്ടു തവണ തൃത്താലയെ
പ്രതിനിധികരിക്കുകയും,മൂന്നാമങ്കത്തിൽ കാലിടറുകയും നാലാം അങ്കത്തിന് കച്ചമുറുക്കുകയും ചെയ്യുന്ന വി.ടി ബൽറാം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരുന്നു കൊണ്ട് ചെയ്ത വികസന കാര്യങ്ങൾ വിശദീകരിച്ചു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വിസ്‌തരിച്ചു.


മലപ്പുറത്തു നിന്ന് തൃത്താലയിൽ കന്നിയങ്കത്തിന് എത്തിയ എൻ.ഡി.എ സ്ഥാനാർഥി വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ
വികസന രേഖയുമായാണ് പ്രസ് ക്ലബിൽ എത്തിയത്.തൃത്താലയിൽ ഇനിയും അടിസ്ഥാന വികസനം എത്തിയിട്ടില്ലെന്ന് അദ്ദേഹം സമർത്ഥിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുകയാണെന്നും താൻ ജയിക്കുകയാണെങ്കിൽ എം.എൽ.എ ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പാവങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 
എസ്.ഡി.പി.ഐ. സ്ഥാനാർഥി ഷഹീർ ചാൽപ്രവും ബദൽ രാഷ്ട്രീയ വികസനമാണ് ചർച്ച ചെയ്തത്.തങ്ങൾക്കെതിരെ ഉന്നയിക്കുന്ന തീവ്രവാദ ആക്ഷേപങ്ങളെല്ലാം 
ജനം തള്ളിക്കളഞ്ഞതു കൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതെന്നും തങ്ങളുടെ മുഖ്യ ശത്രു സംഘപരിവാറാണെന്നും
ഷഹീർ ചാലിപ്പുറം പറഞ്ഞു.


മീറ്റ് ദി പരിപാടിയിൽ മാധ്യമ പ്രവർത്തകരായ ടി.വി.എം.അലി, സി.മൂസ പെരിങ്ങോട്
എന്നിവർ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി.
എസ്.എംഅൻവർ കൂടല്ലൂർ,സി.എ ഇസ്മയിൽ, വി.രഘു, എ.സി ഗീവർ, കെ.ജി സണ്ണി, മധു കൂറ്റനാട്, റഹീസ് പെരുമണ്ണൂർ,  ശിവപ്രസാദ് തൃത്താല, ഷിബിൻ, ഉണ്ണികൃഷ്‌ണൻ, അഷ്‌റഫ് ആറങ്ങോട്ടുകര തുടങ്ങിയവർ നേതൃത്വം നൽകി.

പരിപാടിയിൽ പങ്കെടുത്ത നാല് സ്ഥാനാർത്ഥികളും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മാധ്യമ പ്രവർത്തകരെ പ്രശംസിച്ചു.

Below Post Ad