സംസ്ഥാന പാതയിൽ പട്ടാമ്പി പാലത്തിനും ഞാങ്ങാട്ടിരി പമ്പിനും മധ്യെ നടക്കുന്ന റോഡ് നവീകരണം തുടരുന്നു. ഇന്ന് പകൽ ഗതാഗതം നിരോധിച്ചത് ആയിരങ്ങളെ വലച്ചു.
രാവിലെ പത്ത് മുതൽ വൈകുന്നേരം 5 വരെ ഗതാഗതം നിരോധിക്കുമെന്ന് കരാർ പ്രവൃത്തി നടത്തുന്നവർ അറിയിച്ചെങ്കിലും നിശ്ചിത സമയത്തിന് റോഡ് തുറന്നു കൊടുക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കി.
പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർത്ഥികളും ജോലി വിട്ടെത്തിയ നൂറ് കണക്കിന് ജീവനക്കാരും ആശുപത്രിയിലേക്കുള്ള രോഗികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ യാത്ര മുടങ്ങിയതിനെ തുടർന്ന് പട്ടാമ്പിയിലും ഞാങ്ങാട്ടിരി പമ്പ് ജങ്ങ്ഷനിലും തടിച്ചു കൂടി.
ഇരുചക്രവാഹനങ്ങൾക്ക് പോലും പോകാൻ പറ്റാത്ത തരത്തിൽ നിരത്ത് മുഴുവൻ മെറ്റൽ കൂനകളായിരുന്നു. 250 മീറ്റർ ദൂരം യാത്ര തടസ്സപ്പെട്ടതു മൂലം 25 കി.മീറ്റർ ചുറ്റി വളയേണ്ട സ്ഥിതി നേരിട്ടെന്ന് അനുഭവസ്ഥർ പരിതപിച്ചു.
ഞായറാഴ്ച പകൽ പ്രവൃത്തി നടത്താതിരുന്നതും ഏറെ തിരക്കുള്ള തിങ്കളാഴ്ച റോഡ് അടച്ചതുമാണ് പ്രതിഷേധത്തിന് കാരണമായത്. ഗതാഗതം നിരോധിച്ച വിവരം അറിയാതെ സംസ്ഥാന പാതയിൽ എത്തിയവരാണ് ഏറെ വലഞ്ഞത്.
നിർമ്മാണ സാമഗ്രികളും ട്രെയ്ഡർ യന്ത്രവും എത്താൻ വൈകിയതാണ് പ്രവൃത്തി നീളാനിടയാക്കിയതെന്നാണ് പൊതുമരാമത്ത് വിഭാഗത്തിൻ്റെ പ്രതികരണം. ആവശ്യമായ മുന്നൊരുക്കമില്ലാതെ റോഡ് പണി തുടങ്ങിയതും സംസ്ഥാന പാത അടച്ചിട്ട് ജനങ്ങളെ ദ്രോഹിച്ചതുമാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.
swale