ഭീതി ഒഴിയാതെ വട്ടപ്പാറയിൽ വീണ്ടും അപകടം.ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു


 

വളാഞ്ചേരി : വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം. ചരക്ക് ലോറി വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. കൊപ്ര കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ആർക്കും കാര്യമായി പരിക്കുകൾ ഇല്ല.

ഇന്നലെ ഇതേ സ്ഥലത്ത് ലോറി മറിഞ്ഞ് മൂന്നു പേര്‍ മരണപ്പെട്ടിരുന്നു. ലോറി ഡ്രൈവര്‍ അരുണ്‍ ജോര്‍ജ് (26), സഹായി ഉണ്ണിക്കൃഷ്ണന്‍ (40), സവാള ഏജന്റ് ശരത് എന്നിവരാണ് മരിച്ചത്.

വട്ടപ്പാറ കൊടുംവളവില്‍ തകര്‍ന്ന് കിടക്കുന്ന സുരക്ഷാ ഭിത്തിയും ഇരുമ്പ് വേലിയും പുനഃസ്ഥാപിക്കാത്തത് അപകടങ്ങളുടെ തീവ്രത കൂട്ടുകയാണ്. മൂന്ന് പേരുടെ മരണത്തിലേക്ക് വഴിവെച്ച ലോറി അപകടത്തിന്റെ ആഘാതം കൂട്ടിയതിന് തകര്‍ന്ന സുരക്ഷാഭിത്തി കാരണമായിട്ടുണ്ട്.

പലപ്പോഴും സുരക്ഷാഭിത്തിയില്‍ ഇടിച്ച്‌ വാഹനങ്ങള്‍ റോഡില്‍ മറിയുകയാണ് ചെയ്യാറുള്ളത്. സുരക്ഷാഭിത്തി തകര്‍ന്ന് കിടക്കുന്നതിനാല്‍ അപകടമുണ്ടായാല്‍ 30 അടി താഴ്ചയിലേക്ക് വാഹനം പതിക്കും. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് വന്ന വലിയ വാഹനങ്ങള്‍ നിരന്തരമായി ഇടിച്ചാണ് സുരക്ഷ ഭിത്തി തകര്‍ന്നത്.

പാചക വാതകങ്ങളുമായി പോവുന്ന ടാങ്കര്‍ ലോറികള്‍ താഴ്ചയിലേക്ക് മറിഞ്ഞ് വാതക ചോര്‍ച്ച ഉള്‍പ്പെടെ സംഭവിക്കുന്നത് ഒഴിവാക്കാനും, കരിങ്കല്ലില്‍ തീര്‍ത്ത സുരക്ഷാ ഭിത്തിക്ക് സുരക്ഷ പോരെന്നും മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പിന്നീട് അതിനോട് ചേര്‍ന്ന് ഇരുമ്പ് സുരക്ഷാ വേലിയും സ്ഥാപിച്ചത്. 

ഇവ സ്ഥാപിക്കപ്പെട്ടതിന് ശേഷം അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ റോഡരികിലാണ് മറിഞ്ഞിരുന്നത്. പല പ്രാവശ്യം വിവിധ ചരക്കു വാഹനങ്ങളുടെ ഇടിയേറ്റ് ഇവ രണ്ടും തകരുകയായിരുന്നു.

ഉരുക്കു നിര്‍മാണ സാമഗ്രികളുമായി പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറി സുരക്ഷാവേലിയും മതിലും തകര്‍ത്ത് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. പിന്നീട് വട്ടപ്പാറ അടിയിലെ പള്ളി മുതല്‍ പ്രധാന വളവിനോട് ചേര്‍ന്ന വടക്കെക്കുളമ്പ് റോഡ് വരെ സുരക്ഷാ വേലി പുനസ്ഥാപിച്ചെങ്കിലും, സുരക്ഷാ ഭിത്തിയുടെ തകര്‍ന്ന ഭാഗം പുനസ്ഥാപിച്ചിരുന്നില്ല. 

ഏറ്റവും ഒടുവില്‍ തകര്‍ന്ന സുരക്ഷാ ഭിത്തിയോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ഡിവൈഡര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഈ ഡിവൈഡറാണ് ഒരാഴ്ച മുമ്പ് രാത്രിയില്‍ ചരക്കു ലോറി ഇടിച്ച്‌ ചിതറി നീങ്ങിയത്. തകര്‍ന്ന സുരക്ഷാ ഭിത്തി സമയബന്ധിതമായി ബലപ്പെടുത്തായിരുന്നുവെങ്കില്‍ ഇന്നലെ സംഭവിച്ച ദുരന്തം ഒഴിവാക്കാമായിരുന്നു. അപകട മേഖലയിലെ സിസിടിവിയും പ്രവര്‍ത്തന രഹിതമാണെന്നും നാട്ടുകാര്‍ പരാതി പറയുന്നൂ

Below Post Ad