കഞ്ചിക്കോട് : പ്ലസ്‌ടു വിദ്യാർഥിനിയെ പരീക്ഷ ദിവസം കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിഎംജി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു സയൻസ് വിഭാഗം വിദ്യാർഥിനി കഞ്ചിക്കോട് നായർത്തറ ഏച്ഛൻപുരയിൽ എസ്.അഞ്ജനയാണു (17) മരിച്ചത്.
കെഎസ്ആർടി ഡ്രൈവറായ സുദേവന്റെയും ഇന്ദിരയുടെയും മകളാണ്. ഇന്നലെ രാവിലെ കിടപ്പുമുറിയിൽ അമ്മയുടെ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടി രാവിലെ ഉറക്കമെണീറ്റ് മുറിക്കു പുറത്തേക്ക് എത്താത്തതിനെ തുടർന്ന് അകത്തു നിന്നു പൂട്ടിയ മുറി പൊളിച്ചു പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പത്താം ക്ലാസ് പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയിട്ടുള്ള അഞ്ജന ഹയർസെക്കൻഡറി ഫൈനൽ പരീക്ഷ ആരംഭിച്ചതു മുതൽ അസ്വസ്‌തതയിലായിരുന്നെന്നും ചില വിഷയങ്ങളിലെ പരീക്ഷപ്പേടി സംബന്ധിച്ച് കൂട്ടുകാരോടും രക്ഷിതാക്കളോടും പറഞ്ഞിരുന്നെന്നും ബന്ധുക്കൾ മൊഴി നൽകിയതായി വാളയാർ പൊലീസ് അറിയിച്ചു.
മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്കാരം കഞ്ചിക്കോട് വാതക ശ്മശാനത്തിൽ നടന്നു. അജിത്ത് സഹോദരനാണ്
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056
