ആനക്കരയിൽ ഇന്ന് അവിശ്വാസം: മുസ്ലിം ലീഗ്, ബിജെപി നിലപാട് നിർണ്ണായകം

 


ആനക്കര : ഗ്രാമ പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങളെ ചൊല്ലി യുഡിഎഫ് ഭരണ സമിതിയിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധി നിർണായക ഘട്ടത്തിലേക്ക്.

ബിജെപി പിന്തുണയോടെ നിയമനങ്ങൾ പാസാക്കി എന്ന ആരോപണത്തിൽ കോൺഗ്രസ് പ്രതിനിധിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർക്കെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്കെടുക്കും. ബിഡിഒയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കാര്യാലയത്തിൽ വെച്ചാണ് അവിശ്വാസ പ്രമേയം ചർച്ചയും തുടർ നടപടികളും നടക്കുക. 

ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട യുഡിഎഫ് ധാരണക്ക് വിരുദ്ധമായി ബിജെപി പിന്തുണയോടെ താൽക്കാലിക നിയമനങ്ങൾക്ക് അംഗീകാരം നൽകിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.


ഭരണസമിതി യോഗത്തിൽ ബിജെപി അംഗത്തിന്റെ ഒരു വോട്ടും പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടും ചേർത്താണ് നിയമനം പാസാക്കിയെടുത്തത്. വോട്ടെടുപ്പ് വേളയിൽ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിലെ മൂന്ന് അംഗങ്ങൾ യോഗത്തിൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.


നിയമന വിഷയത്തിൽ മുസ്ലിം ലീഗ്, പഞ്ചായത്ത് കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.


സിപിഎം ഏഴ് കോൺഗ്രസ് ആറ് മുസ്ലിം ലീഗ് മൂന്ന് ബിജെപി ഒന്ന് എന്നിങ്ങനെയാണ് ആനക്കര പഞ്ചായത്തിലെ നിലവിലെ കക്ഷിനില.ഭരണത്തിലുള്ള യുഡിഎഫിന് കോൺഗ്രസിന്റെ ആറും ലീഗിന്റെ മൂന്നും സിറ്റും ചേർത്ത് ഒൻപത് അംഗങ്ങളുണ്ട്.

ഇന്ന് നടക്കുന്ന അവിശ്വാസപ്രമേയ ചർച്ചയിൽ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിലെ മൂന്ന് അംഗങ്ങൾ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ബിജെപി അംഗം ആർക്കൊപ്പം നിൽക്കും എന്നതിനെ ആശ്രയിച്ചായിരിക്കും  അവിശ്വാസ പ്രമേയത്തിന്റെ അനന്തര ഫലങ്ങൾ

  

Below Post Ad