വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയിൽ മുങ്ങി മരിച്ചു I K NEWS


കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങിമരിച്ചു. കോഴിക്കോട്  കുറ്റ്യാടിപ്പുഴയിലാണ് അപകടം. വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിന് എത്തിയതായിരുന്നു യുവദമ്പതികൾ. 

കടിയങ്ങാട് സ്വദേശിയായ റെജിലാൽ (29) ആണ് മുങ്ങിമരിച്ചത്. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപായിരുന്നു വിവാഹം. ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെ കാൽ തെന്നി വീണാണ് അപകടം.


മാർച്ച് 14 ന് വിവാഹിതരായ ദമ്പതികൾ ഫോട്ടോ ഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടി പുഴയുടെ ചവറം മൂഴിയിൽ എത്തിയതായിരുന്നു. വെള്ളത്തിൽ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. യുവതിയെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വവരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം; ഫോട്ടോഷൂട്ടിനിടയിലല്ലെന്ന് ബന്ധു

കോഴിക്കോട്: കുറ്റ്യാടിയില്‍ നവവരന്‍ മരിച്ചത് ഫോട്ടോഷൂട്ടിനിടയിലല്ലെന്ന് മരിച്ച റിജിലിന്റെ ബന്ധു. ഫോട്ടോ ഷൂട്ടിനായിരുന്നില്ല ഇവര്‍ പോയതെന്നും കുടുംബവുമായി പുഴകാണാനാണ് പോയപ്പോഴാണ് അത്യാഹിതം സംഭവിച്ചതെന്നും റിജിലിന്റെ ബന്ധു സഹദേവന്‍  പറഞ്ഞു. 

റിജിലും ഭാര്യയും പിതാവും അവരുടെ അനിയത്തിയുടെ മകളും തൊട്ടടുത്തുള്ള പുഴ കാണാന്‍ പോയതായിരുന്നു. ഭാര്യാ പിതാവ് പുഴയിലിറങ്ങിയപ്പോള്‍ വെള്ളം കുറവാണെന്ന് അറിയിച്ചു. ഇതിന് പിന്നാലെ ഇരുവരും പുഴയില്‍ ഇറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി വെള്ളപ്പാച്ചില്‍ വരികയായിരുന്നു. തുടര്‍ന്ന് രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

 ഇതറിഞ്ഞ റോഡ് പണിക്ക് വന്ന ജോലിക്കാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ചേര്‍ന്ന് രണ്ടുപേരേയും രക്ഷിക്കുകയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Below Post Ad