ഇന്ന് ഡോക്ടർ കെ.ബി മേനോൻ ദിനം | K News

 


സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റു നേതാവും മുൻ തൃത്താല എംഎൽഎ (മദ്രാസ് അസംബ്ലി ) യുമായിരുന്ന ഡോ. കെബി മേനോൻ അനുസ്മരണ ദിനം ഇന്ന് (സെപ്ത 6) ...

ലോകത്തിലെ ഒന്നാം തരം സർവ്വകലാശാലകളിൽ ഒന്നിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് , ആ ജോലി രാജിവെച്ച് ഡോ കെബി മേനോൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമാകുന്നത്..

കോൺഗ്രസായിരുന്നു അദ്ദേഹം . കോൺഗ്രസിലെസോഷ്യലിസ്റ്റ് . വിപ്ലവം , അതായതു മാറ്റമായിരുന്നു ആ മനസു നിറയെ . ക്വിറ്റ് ഇന്ത്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും ഓടിക്കുവാൻ മേനോൻെറ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കപ്പെട്ടു. അതായിരുന്നു കിഴിരൂർ സംഭവം.

കിഴിരൂർ ബോംബ് കേസിൽ കെബി മേനോൻ 10 വർഷത്തെക്കു  ജയിലിലടക്കപ്പെട്ടു.പിന്നെ ജയിൽ വാസം .

സ്വാതന്ത്ര്യനന്തരം സോഷ്യലിസ്റ്റു പാർട്ടിയുടെ നേതാവ് .1952 ൽ  മദ്രാസ് അസംബ്ലിയിലേക്കു തൃത്താലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 57 ൽ വടകരയിൽ നിന്നും പാർലമെൻറിലും അദ്ദേഹത്തിൻെറ ശബ്ദം മുഴങ്ങി.

തൃത്താല ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.പിന്നീടുളള കാലം അദ്ദേഹത്തിൻെറ വീട് , ആ വിദ്യാലയമായിരുന്നു. അവിടത്തെ ഒരു ചെറിയ മുറിയിൽ ആരോടും പരിഭവങ്ങളോ പരാതികളോ പങ്കുവെക്കാതെ അദ്ദേഹം ജീവിച്ചു.

1967 സെപ്തംബർ 6 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ സാധാരണ വാർഡിൽ കിടന്നു അന്ത്യശ്വാസം വലിക്കുമ്പോഴും ആ മനുഷ്യനു ആകെയുണ്ടായിരുന്ന സമ്പാദ്യം അദ്ദേഹത്തിൻെറ ചിന്തകൾ മാത്രമായിരുന്നു.

ഡോ കെബി മേനോൻ അന്ത്യ വിശ്രമം കൊളളുന്നതും അദ്ദേഹം സ്ഥാപിച്ച തൃത്താല ഹൈസ്ക്കൂൾ ( ഇപ്പോഴത്തെ ഡോ കെബി മേനോൻ ഹയർ സെക്കണ്ടറി സ്കൂൾ ) അങ്കണത്തിൽ തന്നെയാണ് .

തൃത്താലയിലെ ആദ്യത്തെ നിയമസഭാ സാമാജികനായിരുന്ന മേനോൻ വിടവാങ്ങിയിട്ട് 56 വർഷമാകുന്നു. ഇനിയെങ്കിലും ആ മഹാത്മാവിൻെറ ചരിത്രം പുതിയ തലമുറക്കു പറഞ്ഞു കൊടുക്കുവാൻ തയ്യാറാകണം . അതിനു തൃത്താലയിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹിക സാംസ്ക്കാരിക നായകരും മുന്നിട്ടിറങ്ങണം

Tags

Below Post Ad