പരുതൂർ സുശീലപ്പടിയിൽ മേല്പാലത്തിന് റെയിൽവേയുടെ പച്ചക്കൊടി.

 


ഷൊർണൂർ - കോഴിക്കോട് റെയിൽപ്പാതയ്ക്ക് മീതെ പരുതൂർ പഞ്ചായത്തിലെ സുശീലപ്പടിയിൽ ഓവർ ബ്രിഡ്ജിന് റെയിൽവേയുടെ പച്ചക്കൊടി. സംസ്ഥാന സർക്കാർ ചെലവിൽ പാലം പണിയാൻ റെയിൽവേയുടെ ഭരണാനുമതി ലഭിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം.ബി രാജേഷ്‌ അറിയിച്ചു. 

2021 സെപ്റ്റംബർ 1ന്‌ സംസ്ഥാന മന്ത്രിസഭ കിഫ്ബിയിൽ നിന്ന് 32.91 കോടി രൂപ ഇതിന് അനുവദിച്ചിരുന്നു. റെയിൽവേയുടെ സ്ഥലത്ത്‌ മേൽപ്പാലം നിർമ്മിക്കുന്നതിന്റെയും 35 വർഷത്തേക്കുള്ള മെയ്ന്റനൻസിന്റെയും ചെലവ്‌ പൂർണ്ണമായി സംസ്ഥാന സർക്കാരാണ്‌ വഹിക്കുന്നത്‌. 2022 ജൂലൈ 6ന്‌ പദ്ധതിക്ക്‌ കിഫ്ബിയുടെ സാമ്പത്തികാനുമതിയും ലഭ്യമായി. എങ്കിലും പദ്ധതിക്ക്‌ റെയിൽവേ അനുമതി ലഭിച്ചിരുന്നില്ല. 

മന്ത്രിയെന്ന നിലയിൽ നേരിട്ടുതന്നെ റെയിൽവേയിൽ നിരന്തരമായി  സമ്മർദ്ദം ചെലുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം റെയിൽവേ ആസ്ഥാനത്ത്‌ നിന്ന് സുശീലപ്പടി ആർ.ഒ.ബിക്ക്‌ ഭരണാനുമതി നൽകിക്കൊണ്ടുള്ള കത്ത്‌ ആർ.ബി.ഡി.സി.കെയ്ക്ക്‌ ലഭിച്ചു. 

വിശദമായ പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കുന്നതോടെ അന്തിമാനുമതിയും ലഭ്യമാകും. പതിറ്റാണ്ടുകൾ പഴക്കമുള്ള തൃത്താലയുടെ മറ്റൊരു ആവശ്യവും കൂടി യാഥാർത്ഥ്യത്തിലേക്ക്‌ നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

മേൽപ്പാലത്തിന്‌ ഇരു ഭാഗത്തുമുള്ള അപ്രോച്ച്‌ റോഡ്‌ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.  പാലം നിർമ്മിക്കുന്നതിനും മെയ്ന്റനൻസിനുമായി 10.98 കോടി രൂപ സംസ്ഥാന സർക്കാർ റെയിൽവേയിൽ ഡെപ്പോസിറ്റ്‌ ചെയ്യും. പ്രവർത്തിയുടെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെന്റേജ്‌ ചാർജ്ജായി 21.97 ലക്ഷം രൂപ ഉടൻ റെയിൽവേയ്ക്ക്‌ കൈമാറും. 

ഇരുവശത്തുമുള്ള അപ്രോച്ച്‌ റോഡിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിച്ച്‌ വരികയാണെന്നും മന്ത്രി അറിയിച്ചു. 


സുശീലപ്പടി, കരിയന്നൂർ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മണ്ഡലത്തിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു ‌. അതിലേറ്റവും പ്രധാനപ്പെട്ട സുശീലപ്പടിയുടെ കാര്യത്തിൽ നിർണ്ണായകമായ ഒരു ഘട്ടം ഇതോടെ പിന്നിടുകയാണ്‌. കരിയന്നൂർ മേൽപ്പാലത്തിന്‌ ആവശ്യമായ അപ്രോച്ച്‌ റോഡിന്റെ സ്ഥലം ഏറ്റെടുത്ത്‌ നൽകേണ്ടത്‌ പരുതൂർ പഞ്ചായത്താണ്‌. പഞ്ചായത്ത്‌ സ്ഥലം ഏറ്റെടുത്ത്‌ നൽകുന്ന മുറയ്ക്ക്‌ അതിന്റെ നടപടിക്രമങ്ങളും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags

Below Post Ad