പൊന്നാനിയിൽ കപ്പൽ നിർമാണശാല ആരംഭിക്കാൻ തയ്യാറായി കമ്പനികൾ; നൂറുകോടിയുടെ പദ്ധതി

 


പൊന്നാനി: പൊന്നാനിയിൽ കപ്പൽ നിർമാണശാല ആരംഭിക്കാൻ തയ്യാറായി കന്പനികൾ. മാരിടൈം ബോർഡ് ക്ഷണിച്ച ടെൻഡർ 12ന് ഓപ്പൺ ചെയ്യുമ്പോൾ കപ്പൽ നിർമിക്കാൻ തയ്യാറായിവന്ന കമ്പനിയെ സ്വാഗതംചെയ്യാനൊരുങ്ങുകയാണ് പൊന്നാനി.

 പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. നൂറുകോടിയുടെ പദ്ധതിയാണ്‌ വിഭാവനംചെയ്യുന്നത്. ഐഎൻഎസ് വിക്രാന്ത് പോലെയുള്ള വൻകിട കപ്പലുകൾ കൊച്ചിയിൽ നിർമിക്കുമ്പോൾ ചെറിയതും ഇടത്തരവുമായ കപ്പലുകൾ നിർമിക്കാനാണ് പൊന്നാനി ലക്ഷ്യമിടുന്നത്. വലിയ ട്രോളിങ് ബോട്ടുകളും നിർമിക്കാം.

 വലിയ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് തീരനഗരം. കപ്പലുകൾ, ബാർജുകൾ, ടഗ്ഗുകൾ തുടങ്ങി കടൽയാനങ്ങളുടെ നിർമാണശാല യാഥാര്‍ഥ്യമാവുന്നതോടെ മലബാറിലെ പ്രധാന വ്യാവസായിക ഹബ്ബായി പൊന്നാനി മാറും. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ചെറുകിട കപ്പലുകൾ നിർമിക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. നൂറുകണക്കിന് പേർക്ക് നേരിട്ടും നിരവധി പേർക്ക് അനുബന്ധമായും തൊഴിൽ ലഭ്യമാവും.

 ഭാരതപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിനുസമീപം പഴയ ജങ്കാർ ജെട്ടിക്കുസമീപമാണ് പദ്ധതി. 30 ഏക്കർ ഭൂമി കമ്പനിക്ക് കരാർ അടിസ്ഥാനത്തിൽ നൽകും. മാരിടൈം ബോർഡ് നേരത്തെ താൽപ്പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും കമ്പനികൾ മുന്നോട്ടുവന്നിരുന്നില്ല. പിന്നീടാണ് ചെറിയ കപ്പൽ നിർമിക്കാൻ താൽപ്പര്യം അറിയിച്ചത്.​

യാത്രക്കും ​ക്രൂയിസ് കപ്പലുകൾക്കും ചരക്ക് ഗതാഗതത്തിനും വഴിതുറക്കുംവിധമാണ്‌ പദ്ധതി വിഭാവനംചെയ്യുന്നത്. പൊന്നാനിയിൽനിന്ന് ലക്ഷദ്വീപിലേക്ക് ഉൾപ്പെടെ യാത്രചെയ്യാൻ ഭാവിയിൽ അവസരമൊരുങ്ങും. പൊന്നാനിയിൽ കപ്പലടുക്കുമെന്ന സ്വപ്നത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പത്തേമാരികൾ നങ്കൂരമിട്ട നാട്ടിലേക്കാണ്‌ കപ്പൽ കാലമെത്തുന്നത്‌. 


Tags

Below Post Ad