കൂടല്ലൂർ: ഏഴു വർഷം മുൻപാരംഭിച്ച റേഡിയോ കൂടല്ലൂർ പരിപാടികൾ ഇന്നും മുടങ്ങാതെ വിദ്യാർഥികളുടെ കാതുകളിലെത്തുന്നു.
സംസ്ഥാന സർക്കാരിൻ്റെ മികവ് പുരസ്കാരം ലഭിച്ച ഏക സ്കൂൾ റേഡിയോ എന്ന സവിശേഷതയും ജി.എച്ച്.എസ് കൂടല്ലൂരിലെ കൊച്ചു കൂട്ടുകാരുടെ റേഡിയോക്ക് മാത്രം അവകാശപ്പെടാവുന്നതാണ്.
സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന മീഡിയ ക്ലബാണ് റേഡിയോ കൂടല്ലൂരിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഓരോ വർഷവും സ്കൂൾ തയ്യാറാക്കുന്ന അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് റേഡിയോയുടെ പ്രവർത്തനം. സ്കൂളിലെ ചിത്രകലാധ്യാപകനായ അതുൽ ദേബ് അധ്യാപക കോ- ഓർഡിനേറ്ററായാണ് ഈ വർഷത്തെ റേഡിയോ കൂടല്ലൂരിൻ്റെ പ്രവർത്തനം നടക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസിന് വാർത്തകളുടെ ചുമതല നൽകിയാണ് എന്നും രാവിലെ പത്തു മണിക്ക് വാർത്തകൾ അവതരിപ്പിക്കുന്നത്. റേഡിയോ കൂടല്ലൂരിൻ്റെ സ്റ്റുഡിയോയിൽ കുട്ടികൾ അവതരിപ്പിക്കുന്ന വാർത്തകൾ ക്ലാസ് റൂമിലെ സ്പീക്കറുകൾ വഴിയാണ് വിദ്യാർഥികളിലെത്തുന്നത്. വാർത്തകൾക്കു പുറമെ സർഗ്ഗവേള, ഗസ്റ്റ് ടോക്ക് എന്നീ പരിപാടികളും റേഡിയോ വഴി അവതരിപ്പിക്കുന്നു.
ഓരോ വർഷവും വിപുലമായ പരിപാടികളോടെയാണ് റേഡിയോ ദിനം സ്കൂളിൽ ആഘോഷിക്കുന്നത്.
എം.ടി യുടെ ഗ്രാമത്തിൽ നിന്ന് എം.ടി യുടെ നഗരത്തിലേക്ക് എന്ന പേരിൽ ആറാം വാർഷികത്തിന് കോഴിക്കോടിലെ വിവിധ മാധ്യമ സ്ഥാപനങ്ങൾ മീഡിയ ക്ലബംഗങ്ങൾ സന്ദർശിച്ചിരുന്നു. ഈ വർഷം ഇതുവരെ വാർത്തകൾ അവതരിപ്പിച്ച എല്ലാ കുട്ടികളെയും ഏഴാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്കൂൾ ആദരിക്കും.
