കഞ്ചാവ് വിൽപ്പന തടയാൻ ശ്രമിച്ചവരെ സംഘം ചേർന്ന് ആക്രമിച്ചു:നാല് പേർക്ക് കുത്തേറ്റു

 




ഷൊർണ്ണൂർ/ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനക്കെത്തിയ നാൽവർ സംഘത്തെ തടയാൻ ശ്രമിച്ച  മറ്റ് നാല് പേർക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തോടനുബന്ധിച്ച് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണ്. 


കുത്തേറ്റ വാടാനാംകുറുശ്ശി സ്വദേശികളായ ജയരാജൻ, രതീഷ്, സന്തോഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ജയരാജനെ യാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.   

പാലക്കാട് ഷൊർണൂർ വാടാനാംകുറുശ്ശി കുഴിയാനാംകുന്ന് കാരക്കാട് റോഡിൽ ആടുവളർത്തൽ കേന്ദ്രത്തിനു സമീപം ഒക്ടോബർ 16-ന് രാത്രിയായിരുന്നു സംഭവം. 

കഞ്ചാവ് വിൽപ്പന നടത്താനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ ജയരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേസിൽ വാടാനാംകുറുശ്ശി പരുത്തിപ്ര മേലെപുറത്ത് ബാബുരാജ് (38) നെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ കുഴിയാനാംകുന്ന് മയ്യൻകുന്നത്ത് സുരേഷ് (36) പോലീസ് കസ്റ്റഡിയിലാണ്. മറ്റു പ്രതികളായ കുഴിയാനാംകുന്ന് സ്വദേശി സുബീഷ്, കാറൽമണ്ണ സ്വദേശി ഹരികൃഷ്ണൻ എന്നിവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ഷൊർണൂർ പോലീസ് അറിയിച്ചു.


Below Post Ad