പാലക്കാട് കൊപ്പത്ത് 26 ഗ്രാം ഉണക്ക കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പ്രഭാപുരം പൊട്ടച്ചിറ വീട്ടിൽ അബൂബക്കറിന്റെ മകൻ സെക്കീർ (42) ആണ് അറസ്റ്റിലായത്.
കഞ്ചാവ് വില്പനയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കരിങ്ങനാട്കുണ്ടിൽ വെച്ച് പിടിയിലാകുമ്പോൾ വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്.
കഞ്ചാവ് വാങ്ങുന്ന സ്ഥലം, വ്യക്തികൾ, വിൽപ്പന നടത്തുന്ന സ്ഥലം എന്നിവ സംബന്ധിച്ച് എക്സൈസ് കൃത്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നു.
പട്ടാമ്പി റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ കെ. വസന്തകുമാർ, ജയരാജൻ ഇ.സിവിൽ എക്സൈസ് ഓഫീസർ രാജേഷ് ഇ.ആർ., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ ശെൽവകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
