തൃത്താല വെള്ളിയാങ്കല്ലിലെത്തുന്നവർക്ക് നിളാ നദിയുടെ സൗന്ദര്യമാസ്വദിച്ച് വ്യായാമം ചെയ്യാൻ സൗകര്യമൊരുങ്ങുന്നു. നിർമാണം പാതിവഴിയിൽ നിലച്ച വെള്ളിയാങ്കല്ല് വഴിയോര പാർക്കിനെയാണ് ഓപ്പൺ ജിം ആക്കി മാറ്റുന്നത്. എം.എൽ.എ. ഫണ്ടിൽനിന്ന് തുക ചെലവഴിച്ച് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് സ്ഥലത്ത് ഓപ്പൺ ജിം സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി സ്പീക്കർ എം.ബി. രാജേഷ്, തൃത്താല പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.പി. ശ്രീനിവാസൻ എന്നിവർ സ്ഥലംസന്ദർശിച്ചു.
പാലക്കാട് കോട്ടമൈതാനത്ത് നിർമിച്ച ഓപ്പൺ ജിം മാതൃകയിൽ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയാണ് വെള്ളിയാങ്കല്ലിൽ തുറന്ന ജിം ഒരുക്കുന്നത്. ജിമ്മിനുപുറമെ, സ്ഥലം കൂടുതൽ മനോഹരമാക്കി നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവകൂടി സ്ഥാപിക്കും.
നാഗലശ്ശേരി പഞ്ചായത്തിലെ ന്യൂബസാർ, ചാലിശ്ശേരി പഞ്ചായത്തിലെ പോലീസ് സ്റ്റേഷൻ കോമ്പൗണ്ട്, തിരുമിറ്റക്കോട് പഞ്ചായത്തിൽ കമ്യൂണിറ്റി സ്കിൽ പാർക്കിനുസമീപം എന്നിങ്ങനെ മൂന്നിടങ്ങളിൽകൂടി തുറന്ന ജിം സ്ഥാപിക്കുന്നുണ്ട്. കായികവകുപ്പ് ചീഫ് എൻജിനീയർ ബി.ടി.വി. കൃഷ്ണൻ, അസി. എൻജിനീയർ ശ്രീജിത്ത്, പ്രോജക്ട് എൻജിനീയർ എം. കീർത്തി എന്നിവർ സ്ഥലപരിശോധന നടത്തി.