പൊന്നാനി: മുൻസിഫ് കോടതിയിൽ കയറിയ കുരങ്ങൻ ജീവനക്കാരന്റെ വിലകൂടിയ ഫോണുമായി കടന്നു. കോടതിയിലെ സ്റ്റാഫ് റൂമിലാണ് രസകരമായ ഈ കുരങ്ങുകളി നടന്നത്.
മജിസ്ട്രേറ്റിന്റെ പേഴ്സണൽ അസിസ്റ്റന്റ് വിജിൻ ഫോൺ മേശപ്പുറത്ത് വെച്ച് അടുത്ത മുറിയിലേക്ക് പോയതായിരുന്നു.
ഈ സമയത്തായിരുന്നു കോടതിപരിസരത്ത് അലഞ്ഞുനടക്കുന്ന രണ്ടു കുരങ്ങുകളിലൊന്ന് ഇവിടെയെത്തിയത്.മുറിയിലേക്കെത്തിയ വിജിനെ കണ്ടതോടെ കുരങ്ങ് ഫോണുമായി പുറത്തേക്ക് ഓടി.
കോടതിക്കെട്ടിടത്തിന്റെ മുകളിലുള്ള ഓടിൻപുറത്തേക്ക് കയറി. പിന്നാലെ ബഹളംവെച്ച് വിജിൻ താഴെ നിന്നു. ഇതു കണ്ട് കോടതി ജീവനക്കാരും നാട്ടുകാരും ഓടിക്കൂടി. പക്ഷേ, കെട്ടിടത്തിനു മുകളിലിരിക്കുന്ന കുരങ്ങിന് ഒരു കുലുക്കവുമില്ല.
ഒടുവിൽ വിജിൻ മറ്റൊരു ഫോണിൽനിന്ന് കുരങ്ങിന്റെ കൈയിലുള്ള തന്റെ ഫോണിലേക്ക് വിളിച്ചു.റിംഗ് ടോൺ ശബ്ദം കേട്ടതോടെ കുരങ്ങ് ഭയന്ന് ഫോൺ ഓടിൻപുറത്ത് ഉപേക്ഷിച്ച് തൊട്ടടുത്തുള്ള മരത്തിലേക്ക് ചാടി രക്ഷപ്പെട്ടു.
പിന്നീട് പ്രദേശവാസികളായ കുട്ടികൾ കെട്ടിടത്തിനു മുകളിൽ കയറി ഫോണെടുത്ത് വിജിന് നൽകി.