പട്ടാമ്പി | എസ് വൈ എസ് പട്ടാമ്പി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു പകൽ നീണ്ടുനിൽക്കുന്നു സ്നേഹലോകം പ്രവാചക പഠന സംഗമം ശനിയാഴ്ച്ച വല്ലപ്പുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ പട്ടാമ്പി പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തിരുവസന്തം 1500 എന്ന തലക്കെട്ടിൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ 130 സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്നേഹലോകം പരിപാടിയുടെ പട്ടാമ്പി സോൺ പ്രോഗ്രാം 2025 ഒക്ടോബർ 18 ശനിയാഴ്ച്ച വല്ലപ്പുഴ യാറം സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ രാവിലെ 9 30 മുതൽ വൈകിട്ട് 6 30 വരെ നടക്കും.
രാവിലെ 9:30 ന് കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി സഅദി വല്ലപ്പുഴ പതാക ഉയർത്തും.സമസ്ത കേന്ദ്ര മുശാവറ അംഗം കൻസുൽ ഫുഖഹാ കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്യും .
തുടർന്ന് സ്നേഹത്തിന്റെ മധുരം, മധ്യമ നിലപാടിന്റെ സൗന്ദര്യം, പ്രവാചകന്റെ കർമ്മ ഭൂമി,ഉസ്‌വത്തുൻ ഹസന, സ്നേഹ സന്ദേശം തുടങ്ങി സെഷനുകൾക്ക് പിസി സിദ്ദീഖ് സഖാഫി അരിയൂർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ജഅ്‌ഫർ ചേലക്കര, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഉമ്മർ ഓങ്ങല്ലൂർ, സൈതലവി പൂതക്കാട്, എംവി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം എന്നിവർ സംസാരിക്കും.
വൈകിട്ട് 4 30 ന് നടക്കുന്ന പൂർണ്ണതയുടെ മനുഷ്യകാവ്യം എന്ന വിഷയത്തിലെ സെമിനാറിൽ പ്രശസ്ത എഴുത്തുകാരനും മലയാളം സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ ഡോക്ടർ സി പി ചിത്ര ബാനു മുഖ്യാതിഥിയാകും.
പട്ടാമ്പി സോൺ പരിധിയിലെ ആറ് സർക്കിളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 300ലധികം സ്ഥിരം അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും.
പരിപാടിക്ക് മുന്നോടിയായി ഒക്ടോബർ 16, 17 വ്യാഴം,വെളളി തിയ്യതികളിൽ സോൺ പരിധിയിലെ 58 കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്ന സ്നേഹപ്രയാണം, സ്നേഹസ്മിതം ബഡ്സ് സ്കൂൾ സൗഹൃദ സന്ദർശനം, ശുചീകരണ ദിനാചരണം, ഇന്‍സ്പെയര്‍ 2 വളണ്ടിയേഴ്സ് മീറ്റ്, യു ട്യൂൺ യൂണിറ്റ് വിസിറ്റ് ,എക്സ്പോ തുടങ്ങി വിവിധ പരിപാടികൾക്ക് സമാപനം കുറിച്ചാണ് സ്നേഹലോകം ഏകദിന പഠന സംഗമം നടക്കുന്നത്.
ഒക്ടോബർ 16 വ്യാഴം രാവിലെ പത്തിന് എക്സ്പോ ഉദ്ഘാടനവും 17 വെള്ളി വൈകിട്ട് 7:00 മണിക്ക് ഫാമിലി മീറ്റും നടക്കും. ഫാമിലി മീറ്റിൽ ഏലംകുളം അബ്ദുറഷീദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ എസ് വൈ എസ് പട്ടാമ്പി സോൺ പ്രസിഡന്റ് കെ ടി ഉസ്മാൻ സഖാഫി കൊഴിക്കോട്ടിരി ജനറൽ സെക്രട്ടറി യു എ റഷീദ് അസ്ഹരി പാലത്തറ ഗേറ്റ്. സ്വാഗതസംഘം കൺവീനർ സിദ്ദീഖ് സഖാഫി വല്ലപ്പുഴ പ്രോഗ്രാം കൺവീനർ കെ ടി ഹംസ , എക്സിക്യൂട്ടീവ് അംഗം താഹിർ കള്ളാടിപ്പറ്റ എന്നിവർ പങ്കെടുത്തു.