വെട്ടിച്ചിറ ടോൾ പ്ലാസയിലെ ചുങ്കം പിരിവ് നിർത്തിവെക്കണം;ഡോ:എം.പി അബ്ദുസമദ് സമദാനി എം.പി

 


ദേശീയപാത - 66ൽ വെട്ടിച്ചിറ ടോൾ പ്ലാസയിലെ ചുങ്കം പിരിവ് നിർത്തിവെക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ഡോ:എം.പി അബ്ദുസമദ് സമദാനി എം.പി. ആവശ്യപ്പെട്ടു.

 റോഡ് വികസന പ്രവൃത്തി പൂർത്തിയാവുകയോ പ്രദേശവാസികൾക്കും യാത്രക്കാർക്കും റോഡ് പൂർണ്ണമായ രീതിയിൽ ഉപയോഗിക്കാൻ സജ്ജമാവുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ കാലേക്കൂട്ടി നടത്തുന്ന ഈ ചുങ്കംപിരിവ് നീതീകരിക്കാവതല്ല. 

ദേശീയപാതയുടെ വികസന പ്രവർത്തനം പൂർണമാവുകയും അത് വേണ്ടരീതിയിൽ പരിപാലിക്കപ്പെടുകയും സുരക്ഷിതമായ യാത്രക്ക് പ്രാപ്തമാവുകയും ചെയ്യുമ്പോഴാണ് ചട്ടപ്രകാരം ചുങ്കംപിരിവ് നടത്തേണ്ടത്. എന്നാൽ രാമനാട്ടുകരയിൽ നിന്ന് വളാഞ്ചേരി വരെയുള്ള ദേശീയപാതയിൽ പലയിടത്തും ഹൈവേയുടെയോ സർവീസ് റോഡിന്റെയോ പണി ഇനിയും പൂർത്തിയാകാനുണ്ട്. മാത്രമല്ല ഗുരുതരമായ റോഡ്തകർച്ച ഉണ്ടായ കൂരിയാട് ഭാഗത്ത് റോഡ് പണി ഇപ്പോഴും നടക്കുന്നതേയുള്ള. അവിടെ സർവീസ് റോഡിൽ അതിയായ ഗതാഗതക്കുരുക്കുമൂലം യാത്രക്കാർ വിഷമം അനുഭവിക്കുന്ന സാഹചര്യവുമുണ്ട്.

വളാഞ്ചേരി ഭാഗത്തെ സർവീസ് റോഡ് നിർമ്മാണം തുടങ്ങിയിട്ടുമില്ല. അവിടെ സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യമായ ഭൂമി വിട്ടുകിട്ടുന്നതിന് ദേശീയപാത അതോറിറ്റി കാത്തുനിൽക്കുകയാണ്.

കോഴിക്കോട് ഭാഗത്ത് പന്തീരാങ്കാവ് ടോൾ പ്ലാസയും വെട്ടിച്ചിറ ടോൾ പ്ലാസയും തമ്മിൽ 60 കിലോമീറ്റർ ദൂരമില്ല എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ റോഡ് പണി പൂർത്തിയാകാൻ പോലും കാത്തുനിൽക്കാതെ പെട്ടെന്ന് തുടക്കം കുറിച്ച ചുങ്കംപിരിവ് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ഇത് സംബന്ധമായി ജനങ്ങൾക്കുള്ള ഉൽക്കണ്ഠയും പ്രതിഷേധവും തീർത്തും ന്യായമാണ്. അതിനാൽ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് വെട്ടിച്ചിറ ടോൾ പ്ലാസയിലെ ചുങ്കം പിരിവ് നിർത്തിവെക്കാൻ ഉത്തരവ് നൽകണമെന്ന് സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു.

Below Post Ad