ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു


 കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ് പ്രായമുള്ളവർക്കാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചവരാണെന്നാണ് വിവരം. അവിടെനിന്നു വൈറസ് പകര്‍ന്നതായിരിക്കാമെന്നാണ് നിഗമനം. ഇവരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 വൈറസിന്റെ പ്രാധാന്യവും ഗൗരവവും കേന്ദ്രം ഉണര്‍ത്തിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തിന്റെ അഞ്ചിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചത്. ഇതേക്കുറിച്ച് ഐസിഎംആർ കൂടുതൽ പഠനം നടത്തിവരികയാണ്. 

കോവിഡ് ഒന്നാം തരംഗത്തിൽ നേരിടാൻ കേന്ദ്രം മുന്നോട്ടുവച്ച മാർഗനിർദേശങ്ങളെല്ലാം തുടരാനാണ് കേന്ദ്രത്തിന്റെ നിർദേശം. വാക്‌സിനേഷന്റെ വേഗം കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക് അടക്കമുള്ള മറ്റു നിയന്ത്രണങ്ങളും കടുപ്പിച്ചേക്കും. കഴിഞ്ഞ മാസമാണ് ആദ്യമായി ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ 23 രാജ്യങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി കുറച്ചുമുൻപ് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.

Tags

Below Post Ad