ആനക്കരയിലെ പള്ളികളിൽ ഇനി ജൈവ പച്ചക്കറികൾ വിളയും.കൃഷിഭവന്റെ സഹകരണത്തോടെ ആനക്കര പഞ്ചായത്ത് പരിധിയിലെ മുസ്‌ലിം പള്ളികളിൽ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. സുഭിക്ഷകേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് പള്ളികളിലെ തരിശുഭൂമികളിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് റൂബിയ റഹ്‌മാൻ അധ്യക്ഷയായി. കൃഷി ഓഫിസർ എം.പി. സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.
കുമ്പിടി ജുമാമസ്ജിദ്, തോട്ടഴിയം നിസ്‌കാരപ്പള്ളി, മേലഴിയം നിസ്‌കാരപ്പള്ളി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. കൃഷി അസിസ്റ്റന്റ് ഗിരീഷ്, സെന്തിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി. വിളവെടുക്കുന്ന പച്ചക്കറികൾ പള്ളികളിലെ ദർസിലെ വിദ്യാർഥികൾക്കുള്ള ഭക്ഷണാവശ്യങ്ങൾക്കുപയോഗിക്കുകയും വെള്ളിയാഴ്ചകളിൽ ജുമാ മസ്ജിദിലെത്തുന്നവർക്ക് വില്പന നടത്തുകയും ചെയ്യും.
മഹല്ല് ഖത്തീബ് മുഹാജിർ അഹ്സ്നി, അസിസ്റ്റന്റ് കൃഷി ഓഫീസർ ഷിനോജ്, പള്ളിക്കമ്മിറ്റി ഭാരവാഹികളായ ഒ.എം. അബൂബക്കർ, പി. ഹംസഹാജി, ടി.എം. അബുബക്കർ, കെ.സി. ബഷീർ, സൈനുദ്ദിൻ, സി. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.