തിരൂർ :പവര്‍ബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു വീട് പൂർണമായും കത്തി നശിച്ചു.തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി 10.30തോടെ കത്തിനശിച്ചത്. അപകട സമയത്ത് വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്.
പവര്‍ബേങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടംബം പുറത്ത് പോയതായിരുന്നു. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിസര വാസികളും നാട്ടുകാരും ചേർന്ന് അടുത്ത കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
തിരൂർ ഫയര്‍സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചു.
വാടക വീട്ടിലായിരുന്ന സിദ്ധീഖും ഭാര്യ അഫ്‌സിതയും മക്കളായ ഫാത്വിമ റബീഅ, ലഹ്‌സ ഫാത്വിമ എന്നിവരും ആറ് വർഷം മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറിയത്. ഓല മേഞ്ഞ വീടിന്റെ മേൽക്കൂരയിൽ ചോർച്ചയെത്തുടർന്ന് പ്ലാസ്റ്റിക് ഷീറ്റും വിരിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ സിദ്ധീഖും കുടുംബവും വർഷങ്ങളായി പുതിയ വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.