സംസ്ഥാന റവന്യൂ അവാർഡുകളിൽ വില്ലേജ് തലത്തിലെ പുരസ്കാരങ്ങളിൽ മികച്ച വില്ലേജ് ഓഫീസാറായി തൃത്താല വില്ലേജിലെ കെ. നദീറ തെരഞ്ഞെടുക്കപ്പെട്ടു.
റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളിൽ നിന്ന് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമതയും ഉദ്യോഗസ്ഥരുടെ പ്രവർത്തനമികവും വിലയിരുത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ജില്ലാ കളക്ടർമാർ ശിപാർശ ചെയ്ത നോമിനേഷനുകളിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ക്രോസ് വെരിഫിക്കേഷന് ശേഷമാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്.
ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തി, സത്യസന്ധത, ഫീൽഡ് ജോലിയിലുള്ള പ്രാവീണ്യം എന്നിവയ്ക്കൊപ്പം ഐ.ടി സെല്ലിൽ നിന്നുള്ള സേവനങ്ങളുടെ കണക്കുകളും പട്ടയ വിതരണത്തിലെ പുരോഗതിയും പുരസ്കാരത്തിനായി പരിഗണിച്ചു. ആകെ ലഭിച്ച 459 ഓഫീസർ നോമിനേഷനുകളിൽ നിന്നാണ് മികവ് തെളിയിച്ചവരെ തിരഞ്ഞെടുത്തത്.
