കൂറ്റനാട്: ജമാഅത്തെ ഇസ്ലാമി ഹിന്ദ് തൃത്താല ഏരിയ സമ്മേളനം ഞായറാഴ്ച 4 മണിക്ക് പടിഞ്ഞാറങ്ങാടി സാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
'ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം' എന്ന പ്രമേയത്തിൽ നടക്കുന്ന ഏരിയ സമ്മേളനം
മത- സാമൂഹിക സൗഹൃദം ശക്തിപ്പെടുത്തുകയും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംവാദ സംസ്ക്കാരം വളർത്തുകയും സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായും രചനാത്മകമായും ഇടപെടുകയും ചെയ്യുന്നതിൻ്റെ ഭാഗമാണ്.
ഇസ്ലാമിനെക്കുറിച്ചും ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ചും വ്യാപകമായ രീതിയിൽ വിരോധം വളർത്താനുള്ള ശ്രമം ആസൂത്രിതമായി നടന്നു കൊണ്ടിരിക്കുന്നത് നമ്മുടെ നാടിന്റെ സാമൂഹിക ആരോഗ്യത്തെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എല്ലാ ജനവിഭാഗങ്ങളും തമ്മിൽ തുറന്ന സംവാദ സംസ്കാരം ഉയർന്നു വരേണ്ടതുണ്ടെന്ന് ജമാഅത്ത് കരുതുന്നു.
സാമൂഹ്യപ്രധാനമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനങ്ങളുടെ ചർച്ചാ വിഷയങ്ങൾ. ഏരിയ സമ്മേളനത്തിൽ ജാതി മത ഭേദമന്യേ പ്രാതിനിധ്യമുണ്ടാകും.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റൻ്റ് അമീർ എം.കെ മുഹമ്മദ് അലി, അസിസ്റ്റന്റ് സെക്രട്ടറി മുസ്തഫ ഹുസൈൻ, ജില്ല പ്രസിഡൻ്റ് കളത്തിൽ ഫാറൂഖ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഫാസില ടീച്ചർ, ജില്ലാ ജനറൽ സെക്രട്ടറി പി.മുഹമ്മദ് മുസ്തഫ, തളിക്കുളം ഇസ്ലാമിയ കോളേജ് ലക്ചറർ എം.എം ശംസുദീൻ നദ്വി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. സുഗന്ധമുള്ള ജീവിതം, ഹംസഫർ എന്നീ ഡോക്യുഫിക്ഷനുകളും സമ്മേളനത്തിൽ അവതരിപ്പിക്കും.
കൂറ്റനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരി മുഹ്സിൻ പറക്കുളം, വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് ടി.എ ഫാസില ടീച്ചർ, ഏരിയ പ്രസിഡന്റ് ഖാലിദ് ചോലയിൽ, സമ്മേളന കൺവീനർ കെ. ഉമറുദ്ധീൻ, പി.ആർ കൺവീനർ മൊയ്ദീൻകുട്ടി ചോലയിൽ, എം.കെ നുസൈബ എന്നിവർ പങ്കെടുത്തു.
