അയ്യൂബി ഗേൾസ് വില്ലേജ് ആർട്സ് ഫെസ്റ്റ് ‘നഗാരയിൽ’ ശബ്ദം പതിഞ്ഞു

 




തൃത്താല: അയ്യൂബി ഗേൾസ് വില്ലേജിന്റെ നാലാമത് ആർട്സ് ഫെസ്റ്റ് ‘ശബ്ദ’ത്തിന് തുടക്കമായി. അബ്‌ദുറഹ്‌മാൻ ഹാജി കുഞ്ഞുക്കാസ് വിശിഷ്ടാതിഥിയായി. ത്വയ്ബ വാലി ഗേൾസ് വില്ലേജിൽ നടന്ന ഫെസ്റ്റ് സാമൂഹിക പ്രവർത്തകനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഒ.കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യം, മതേതരത്വം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ വെല്ലുവിളികൾ നേരിടുന്ന കാലത്ത് ‘ശബ്ദം’ എന്ന പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റ് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.


പേര് അന്വർത്ഥമാക്കുംവിധം ‘ശബ്ദം’ കേവലമൊരു പ്രമേയമല്ലെന്നും, ശബ്ദത്തിന്റെ ചരിത്രവും സാമൂഹിക-സാംസ്കാരിക വികാസവും അതിന്റെ സ്വാധീനങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ശബ്ദത്തെക്കുറിച്ചുള്ള പുതിയ പഠന-ഗവേഷണ മേഖലകളിലേക്ക് അവരുടെ ചിന്തകളെ നയിക്കുകയുമാണ് ആർട്സ് ഫെസ്റ്റിന്റെ ലക്ഷ്യമെന്നും ഗേൾസ് വില്ലേജ് ഡയറക്ടർ ഉനൈസ് സഖാഫി ആമുഖത്തിൽ പറഞ്ഞു.


ശബ്ദത്തിന്റെ ചരിത്രം, സാമൂഹിക ഇടപെടൽ, പ്രതിരോധം, സർഗാത്മക ആവിഷ്കാരം തുടങ്ങിയ ആശയങ്ങളെ മുൻനിർത്തിയാണ് രണ്ട് വേദികൾക്കും പേരുകൾ നിശ്ചയിച്ചത്. ചരിത്രത്തിലുടനീളം പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും മുന്നറിയിപ്പുകളുടെയും ശബ്ദമായി മാറിയ ‘നഗാര’യാണ് ഒന്നാം വേദി. ഇസ്ലാമിക കലാ-സാംസ്കാരിക പാരമ്പര്യത്തിൽ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും കൂട്ടായ്മയുടെയും താളമായി മാറിയ ‘അറബന’യാണ് രണ്ടാം വേദി.


നാലുദിവസങ്ങളിലായി രണ്ട് വേദികളിൽ നടക്കുന്ന മത്സരങ്ങൾ കലാ-സാഹിത്യ-സാംസ്കാരിക വൈവിധ്യങ്ങൾക്കൊപ്പം സമകാലിക സാമൂഹിക വിഷയങ്ങളെയും ചർച്ചക്കെടുക്കുന്നു. വർത്തമാനത്തോട് സംവദിക്കുന്ന രചനകൾ, ചിത്രങ്ങൾ, കലാവതരണങ്ങൾ, ചുമരെഴുത്തുകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും. മനുഷ്യന്റെ ഉള്ളിൽ പതിഞ്ഞുകിടക്കുന്ന ചിന്തകളെയും കാഴ്ചപ്പാടുകളെയും സർഗാത്മകമായി ആവിഷ്കരിക്കാനുള്ള വേദികൂടിയായി ആർട്സ് ഫെസ്റ്റ് മാറുന്നു. അയ്യൂബി എജുസിറ്റി ഭാരവാഹികളായ ഹൈദർ മുസ്‌ലിയാർ, അബ്ദുൽ കബീർ അഹ്സനി, അബൂബക്കർ, ഹൈദർ അലി എന്നിവർ സംബന്ധിച്ചു.

Below Post Ad