പട്ടാമ്പിയിൽ നഗരസുരക്ഷയുടെ ഭാഗമായി നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. തിരക്കേറിയ 16 ഇടങ്ങളിലാണ് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. സാമൂഹികസുരക്ഷ ഉറപ്പുവരുത്തുക, ക്രമസമാധാനപാലനത്തെ സഹായിക്കുക, പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് തടയുക, വ്യാപാരസ്ഥാപനങ്ങൾക്ക് സുരക്ഷിതത്വം നൽകുക എന്നിവ ലക്ഷ്യമാക്കിയാണ് നഗരസഭയുടെ നേതൃത്വത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി എന്നിവർ പറഞ്ഞു.
നഗരത്തെ പൂർണമായും കോർത്തിണക്കി നിരീക്ഷിക്കും വിധത്തിലാണ് നൂതന സംവിധാനം ഒരുക്കിയിട്ടുള്ളത്. പട്ടാമ്പി നഗരസഭ, റോട്ടറി ക്ലബ്ബ് പട്ടാമ്പി ചാപ്റ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 16-ന് വൈകീട്ട് 5.30-ന് പട്ടാമ്പി അലക്സ് തിയേറ്ററിനുസമീപം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പട്ടാമ്പി-പള്ളിപ്പുറം റോഡ് മുതൽ പാലക്കാട് റോഡിലെ കൽപ്പക സ്ട്രീറ്റ് വരെയും മേലേ പട്ടാമ്പിമുതൽ പെരിന്തൽമണ്ണ റോഡിലെ മാർക്കറ്റ് റോഡ് വരെയും മറ്റ് പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണസംവിധാനമൊരുക്കിയിട്ടുണ്ട്. പട്ടാമ്പി ബസ്‌സ്റ്റാൻഡിന് മുൻവശം, മേലേ പട്ടാമ്പി, മാർക്കറ്റ് റോഡ്, സിവിൽ സ്‌റ്റേഷൻ റോഡ് തുടങ്ങിയ ഭാഗങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽനിന്നുള്ള ദൃശ്യങ്ങൾ 24 മണിക്കൂറും നഗരസഭാ കാര്യാലയത്തിൽ ലഭ്യമാവുന്നതരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.