വെള്ളിയാങ്കല്ല് തടയണയുടെ സംരക്ഷണഭിത്തി പുനർനിർമാണം ആരംഭിക്കാനായില്ല


തൃത്താല: മഴയെത്താൻ കേവലം ഒന്നരമാസം മാത്രം ശേഷിക്കേ തകർന്നുവീണ വെള്ളിയാങ്കല്ല് തടയണയുടെ സംരക്ഷണഭിത്തി പുനർനിർമാണം മൂന്നുവർഷം പിന്നിട്ടിട്ടും ആരംഭിക്കാനായില്ല. ഇതോടെ സംരക്ഷണഭിത്തിയുടെ തകരാതെ നിൽക്കുന്ന കൂടുതൽ ഭാഗങ്ങൾ പുഴയിലേക്ക് അടർന്നുവീഴാനുള്ള സാധ്യതയും വർധിച്ചു.

 2018-ൽ പ്രളയത്തിനുശേഷം സെപ്റ്റംബർ ആറിനാണ് സംരക്ഷണഭിത്തിയുടെ 50 മീറ്ററോളം ഭാഗം പുഴയിലേക്ക് തകർന്നുവീഴുന്നത്.വീഴ്ചയിൽ ഏഴരമീറ്ററിലധികം ഉയരത്തിലും 100 മീറ്ററോളം ദൂരത്തിലും സംരക്ഷണഭിത്തിക്ക് ഗുരുതരമായ തകർച്ചയും ബലക്ഷയവും സംഭവിച്ചു. 

2021 ഒക്ടോബറിൽ പെയ്ത കനത്തമഴയിലും പുഴയുടെ കുത്തൊഴുക്കിലും സംരക്ഷണ ഭിത്തിയുടെ യജ്ഞേശ്വരം ക്ഷേത്രത്തിന് സമീപത്തെ പുഴയിലേക്കിറങ്ങുന്ന പടിക്കെട്ടുകളോട് ചേർന്ന ഭാഗവും തകർന്നുവീണു.

 നിലവിൽ ഭിത്തിയുടെ തകരാതെ നിൽക്കുന്ന ഭാഗങ്ങളിൽ ആഴത്തിലുള്ള ദ്വാരങ്ങളും വിള്ളലുകളും രൂപപ്പെട്ട നിലയിലാണ്. കൂടാതെ അടിവശങ്ങളിൽ ബലക്ഷയം സംഭവിച്ചതോടെ ഭിത്തിയുടെ തകരാതെ നിൽക്കുന്ന ഭാഗത്ത് പുഴയിലേക്കുള്ള ചെരിവ് ഓരോ ദിവസവും വർധിക്കുകയാണ്.

ഏഴ് മീറ്ററിലധികം ഉയരമുള്ള അടിത്തറ പൂർണമായും ദ്രവിച്ച ഈ സുരക്ഷാഭിത്തിക്ക് മുകളിലും ചുവട്ടിലും മീൻപിടിക്കാൻ ഒട്ടേറെപ്പേർ എത്താറുണ്ട്. പുഴയുടെ മഴക്കാലത്തെ കുത്തൊഴുക്കിൽ സംരക്ഷണഭിത്തി പൂർണമായി നിലം പതിക്കാനുള്ള സാധ്യതയും ഏറെയാണ്.

 പ്രളയകാലത്തെപ്പോലെ പുഴ കുത്തിയൊഴുകിയാൽ സമീപത്തെ വീടുകളെയും പുഴവക്കിലെ യജ്ഞേശ്വരം ക്ഷേത്രത്തെപ്പോലും ബാധിക്കും. പുഴ ഗതിമാറിയൊഴുകുന്നതിനുവരെ ഇതിടയാക്കുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

Below Post Ad