സ്ത്രീയെയും യുവാവിനെയും മര്‍ദിച്ചു; സിഐ കൃഷ്ണനെതിരെ പരാതി



പാലക്കാട് : അട്ടപ്പാടിയില്‍ റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും കോഴിക്കാട് നല്ലളം സിഐ മര്‍ദിച്ചതായി അഗളി പൊലീസില്‍ പരാതി. അട്ടപ്പാടി സ്വദേശി കൂടിയായ സിഐ കൃഷ്ണനെതിരെയാണ് പരാതി നല്‍കിയത്. 

റോഡ് പണിക്കായി എത്തിയ തമിഴ്‌നാട് കൃഷണഗിരി സ്വദേശിനി മരതകത്തിനും തൊടുപുഴ സ്വദേശി അലക്‌സിനുമാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സിഐക്കെതിരെ അഗളി പൊലീസ് കേസെടുത്തു.

ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നല്ലളം സ്റ്റേഷനിലെ സിഐ ആണ് കെ കൃഷ്ണന്‍. റോഡ് പണി കഴിഞ്ഞ് താത്കാലിക താമസ സ്ഥലത്ത് പാര്‍ക്ക് ചെയ്ത ടിപ്പര്‍ ലോറിയില്‍ വിശ്രമിക്കുകയായിരുന്നു അലക്‌സ്. 

അഗളി ഭാഗത്തേക്ക് പോകുകയായിരുന്ന സിഐ കെ കൃഷ്ണന്‍ ലോറി കണ്ടതും വാഹനം നിര്‍ത്തി. മദ്യലഹരിയിലായിരുന്ന സിഐ അലക്‌സിനോട് അഗളി സിഐയാണെന്ന് പറഞ്ഞ് അസഭ്യവാക്കുകള്‍ പറയുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് അലക്‌സിന്റെ പരാതി.

അലക്‌സിനൊപ്പമുണ്ടായിരുന്ന ടാറിംഗ് തൊഴിലാളി മരതകത്തേയും സിഐ മദ്യലഹരിയില്‍ മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ടോര്‍ച്ചുകൊണ്ട് അടിയേറ്റതിന്റെ പാടുകള്‍ ഇവരുടെ മുഖത്തുണ്ട്. 

2009 ല്‍ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി എസ്‌ഐ പോസ്റ്റിലെത്തിയ കൃഷ്ണന് 2019 ലാണ് സിഐയായി പ്രൊമോഷന്‍ ലഭിച്ചത്. റോഡ് പണിയിലൂടെ പഠിച്ച് സേനയിലെത്തിയ കൃഷ്ണന്റെ വിജയഗാഥ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

Tags

Below Post Ad