ഗതാഗത നിരോധനത്തിനെതിരെ വ്യാപാരിവ്യവസായി ഏകോപന സമിതി



പാത നവീകരണത്തിന്റെ ഭാഗമായി പട്ടാമ്പി പാലം മുതൽ ഞാങ്ങാട്ടിരി പമ്പ് ജംഗ്ഷൻ വരെ ഈമാസം ഏഴുമുതൽ ഗതാഗതം പൂർണമായും നിരോധിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂണിറ്റ്  പൊതുമരാമത്ത് വകുപ്പ് ഷോർണൂർ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്തുനൽകി.

പ്രദേശത്തെ ഗതാഗത നിരോധനം മൂലം തൃത്താല മേഖലയിൽ നിന്ന് പട്ടാമ്പിയിലേക്കും തിരിച്ചും വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങളിലും മറ്റു മേഖലകളും തൊഴിലെടുക്കുന്നവർക്കും വ്യാപാരികൾക്കും വലിയ പ്രയാസം ഉണ്ടാക്കുന്നതാണ്.

 ആയതിനാൽ റോഡ് പൂർണമായും അടച്ചിട്ടുള്ള തീരുമാനത്തിൽ നിന്നും മാറി ഒരു വശത്തുകൂടി ഗതാഗതം അനുവദിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നതായും അത്തരത്തിൽ സംവിധാനം ഏർപ്പെടുത്താനുള്ള വീതിയും സ്ഥലവും ഈ റോഡിൽ ഉണ്ട് എന്നത് ശ്രദ്ധയിൽ പെടുത്തുന്നു എന്നും കത്തിൽ പറയുന്നു.

ഏപ്രിൽ 7മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസമാണ് പാലക്കാട് റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിപ്പ് പുറത്തിറക്കിയത്. വാഹനങ്ങൾ പകരം പോകേണ്ട വഴികളും വിശദീകരിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഗതാഗത നിരോധനം പരീക്ഷയെഴുതുന്ന വിദ്യാർഥികൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് കിലോമീറ്ററുകൾ അധികം യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കും എന്ന വിമർശവും ഉണ്ട് .

Tags

Below Post Ad