സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് നാടും നഗരവും ഒരുങ്ങി. മലപ്പുറം കോട്ടപ്പടി, മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ബൂട്ടണിഞ്ഞ കാൽപാദങ്ങൾ പതിയാൻ ഇനി മണിക്കൂറുകൾ മാത്രം. സന്തോഷ് ട്രോഫിയുടെ ആദ്യ ഗാലറി ആവേശാരവങ്ങൾക്കൊപ്പം പന്തു തട്ടാനിറങ്ങുന്ന കേരള ടീം വലിയ പ്രതീക്ഷയിലാണ്.
സ്വന്തം നാട്ടിൽ നാട്ടുകാരെ മുഴുവൻ സാക്ഷി നിറുത്തി ഗോൾവലയിൽ വിജയം കൊയ്യുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ടീമുള്ളത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലെത്തിയ ടീം വരും ദിവസങ്ങളിൽ കൂടുതൽ പരിശീലനം നടത്തും. കോഴിക്കോട് ഇം.എം.എസ് സ്റ്റേഡിയത്തിൽ മാർച്ച് 20ന് ആരംഭിച്ച പരിശീലനം കഴിഞ്ഞ വ്യാഴാഴ്ചയാണ് അവസാനിപ്പിച്ചത്.
ആറ് പേരാണ് കേരളാ ടീമിൽ മലപ്പുറത്ത് നിന്നുള്ളത്. തിരൂർ ബി.പി അങ്ങാടി സ്വദേശി കെ. സൽമാൻ (27), തിരൂർ കൂട്ടായി സ്വദേശി എ.പി മുഹമ്മദ് സഫീഫ്(19), വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി എൻ.എസ് ഷിഗിൽ(19), താനൂർ അട്ടത്തോട് സ്വദേശി എം. ഫസലുറഹ്മാൻ(26), നിലമ്പൂർ സ്വദേശിയും മമ്പാട് എം.ഇ.എസ് കോളേജിന്റെ താരവുമായ ടി.കെ ജസിൻ(22), മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അർജ്ജുൻ ജയരാജ്(26) എന്നിവരാണ് മലപ്പുറത്തെ സന്തോഷ് ട്രോഫി താരങ്ങൾ.
കേരള ടീം സജ്ജമാണ്, ഇനി മൈതാനത്ത് കാണാം
കേരള ടീമിനെ കുറിച്ച് ആരും ആശങ്കപെടേണ്ടതില്ല. മുമ്പ് സന്തോഷ് ട്രോഫി കളിച്ച് പരിചയ സമ്പത്തുള്ള അഞ്ച് പേരും കളിക്കളത്തിൽ തന്ത്രങ്ങൾ മെനയുന്ന പുതിയ താരങ്ങളും ചേർന്നതാണ് ടീം. ഇത്തവണ കൂടുതൽ മികവോടെ മുന്നേറാൻ സാധിക്കുമെന്നത് തീർച്ചയാണ്. കേരളത്തിന്റെ ക്യാപ്‌ടനും തൃശൂർ സ്വദേശിയുമായ ജിജോ ജോസഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇക്കാര്യങ്ങൾ പറയുന്നത്.
കെ.പി.എൽ, ഐലീഗ് പോലെയുള്ള പ്രൊഫഷണൽ മത്സരങ്ങളിലടക്കം പങ്കെടുക്കുകയും മികച്ച പരിശീലനം നേടിയതുമായ താരങ്ങൾ തന്നെയാണ് കേരളത്തിന്റെ കരുത്ത്. പുതിയ ആളുകളെ കുറിച്ച് പലരും അവർക്ക് മുൻപരിചയമില്ലെന്നതടക്കമുള്ള ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. ഇവർ സന്തോഷ് ട്രോഫി മത്സരങ്ങൾ ആദ്യമായി കളിക്കുന്നവരാണെങ്കിലും നിരവധി പ്രൊഫഷണൽ ക്ലബുകളിലടക്കം കളിച്ച പരിചയ സമ്പത്തുണ്ട്.
സന്തോഷ് ട്രോഫിയേക്കാളും മികച്ച വേദിയായ ഐ ലീഗിലടക്കം മികച്ച പ്രകടനങ്ങൾ കാഴ്ച്ച വച്ചവരാണിവർ. ടീമിലെ അണ്ടർ 21 താരങ്ങളെയെല്ലാം ടീമിലേക്ക് എടുത്തിട്ടുള്ളത് വിവിധ ക്ലബ്ബുകളിൽ നിന്നാണ്. നമ്മുടെ എതിർ ടീമുകളെല്ലാം ഒന്നിനൊന്ന് ശക്തരായവർ തന്നെയാണ്. അവരോടൊക്കെ മികച്ച രീതിയിൽ തന്നെ ഏറ്റമുട്ടും. പെനാൽറ്റി കിക്കുകൾ ആരെടുക്കണം എന്നതിനെ കുറിച്ചെല്ലാം വ്യക്തമായ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. അതിനനുസരിച്ചായിരിക്കും കളിക്കളത്തിലെ നീക്കങ്ങൾ. എല്ലാ താരങ്ങളും പൂർണമായും ഫിറ്റാണെന്നുള്ളതും ആർക്കും പരിക്കില്ലെന്നതും വളരെ ആശ്വാസം നൽകുന്ന കാര്യമാണ്. ക്യാപ്ടൻ പറയുന്നു.
മലപ്പുറം കൂടെയുണ്ടാകും
നമ്മുടെ നാടും നാട്ടുകാരും കളിക്കളത്തിൽ കൂടെയുണ്ടാകുമെന്നത് തീർച്ചയാണ്. ഗാലറിയിൽ നിന്ന് ലഭിക്കുന്ന സപ്പോർട്ട് കളിക്കളത്തിൽ വലിയ ഊർജ്ജം നൽകും. ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്ന മലപ്പുറത്തിന് സന്തോഷ് ട്രോഫിയെന്നത് വലിയ ആവേശം നൽകുന്ന ഒന്നാണ്. കേരളത്തിൽ ഒരു സന്തോഷ് ട്രോഫി കളിക്കാനായി എന്നത് വലിയ ഭാഗ്യമാണെന്നും ജിജോ ജോസഫ് പറഞ്ഞു.