എനിക്കുമുമ്പേ പോയ ആരെങ്കിലും വാഹനം നിർത്തിയിരുന്നെങ്കിൽ മുസ്തഫയുടെ ജീവൻ രക്ഷിക്കാമായിരുന്നു; സുരഭി ലക്ഷ്മി


എനിക്കുമുമ്പേ പല വാഹനങ്ങളും അതുവഴി കടന്നുപോയിട്ടുണ്ടാകും. അതിൽ ആരെങ്കിലും വാഹനം നിർത്തിയിരുന്നെങ്കിൽ മുസ്തഫയുടെ ജീവൻ രക്ഷിക്കാമായിരുന്നു;പട്ടാമ്പി വിളയൂർ സ്വദേശി മുസ്തഫ  മരണപ്പെട്ട സംഭവത്തിൽ സുരഭി ലക്ഷ്മി പറയുന്നു...

അറ്റാക്കൊക്കെ ആകുമ്പോൾ വേഗത്തിൽ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. എന്റെ ജീവിതത്തിൽ ഇത്രയും സ്പീഡിൽ വണ്ടി ഓടിച്ചിട്ടില്ല. അത്യാഹിത വിഭാഗത്തിൽ എത്തിച്ചശേഷം ഞാൻ പോലീസ് സ്റ്റേഷനിലേക്കും പോയി. ആപദ്‌ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാനൊരു മനസ്സ് ഉണ്ടാവുകയാണെങ്കിൽ അത് വളരെ നല്ലതാണെന്നാണ് എനിക്ക് പറയാനുള്ളത്.

ചൊവ്വാഴ്ച രാത്രി തൊണ്ടയാട് ബൈപ്പാസിൽെവച്ച് നടി സുരഭി ലക്ഷ്മി ഇടപെട്ട് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ച യുവാവ് മരണപ്പെട്ടിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണ പാലക്കാട് പട്ടാമ്പി കൊടുപാറ വിളയൂർ വൈലശ്ശേരി മുസ്തഫ(38) ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി വഴിതെറ്റി കാണാതായ ഭാര്യ മാജിതയെയും കുഞ്ഞിനെയും അന്വേഷിച്ച് പുറപ്പെട്ട മുസ്തഫയ്ക്ക് ജീപ്പ് ഡ്രൈവ് ചെയ്തുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. വണ്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഡ്രൈവിങ് അറിയാത്തതിനാൽ ഉടൻ ആശുപത്രിയിലെത്തിക്കാനായില്ല. അവരും തൊട്ടടുത്ത കെട്ടിടത്തിെല സെക്യൂരിറ്റി ജീവനക്കാരും റോഡിലിറങ്ങി വാഹനങ്ങൾ കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല.

പിന്നീടാണ് ഇഫ്താർ വിരുന്ന് കഴിഞ്ഞുവരുകയായിരുന്ന നടി സുരഭിലക്ഷ്മി മുസ്തഫയ്ക്ക് രക്ഷകയാവുന്നത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ പോലീസ് രാത്രി പത്തുമണിയോടെ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

വർഷങ്ങളായി മെഡിക്കൽ കോളേജ് ഇംഹാൻസിൽ ചികിത്സ നടത്തിവരുന്ന മകന് മെഡിക്കൽ സർട്ടിഫിക്കറ്റിനായാണ് പട്ടാമ്പിയിൽനിന്ന് മാജിത ചൊവ്വാഴ്ച കോഴിക്കോട്ടെത്തിയത്. തിരിച്ചുപോകുന്നതിനിടെ വഴിതെറ്റി. അവശയായ അവർ രാത്രി എട്ടുമണിയോടെ മെഡിക്കൽകോളേജ് പോലീസ്‌സ്റ്റേഷനിലെത്തുകയായിരുന്നു. 

ഭർത്താവിനെ അറിയിക്കാതെയാണ് മെഡിക്കൽകോളേജിലേക്ക് വന്നതെന്നു പറഞ്ഞ അവർ പോലീസിന് ഭർത്താവിന്റെ നമ്പർ നൽകി. പോലീസ് ഈ നമ്പറിൽ വിളിച്ചറിയിക്കുമ്പോഴേക്ക് ഇളയകുഞ്ഞിനും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം മുസ്തഫ കോഴിക്കോട് ബൈപ്പാസിലെത്തിയിരുന്നു. 

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ഏറെക്കാലം ഗൾഫിലായിരുന്ന മുസ്തഫ നാട്ടിൽ ജീപ്പ് ഡ്രൈവറാണ്. നാട്ടിലേക്കുകൊണ്ടുപോയ മൃതദേഹം അവിടെ ഖബറടക്കി. മക്കൾ: ഷാനിദ, മിസാൽ.


Tags

Below Post Ad