പാലക്കാട് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു


 പാലക്കാട് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം. കുത്തിയതോട് സ്വദേശി സുബൈറാണ് കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിച്ചതായാണ് വിവരം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്.  പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈർ എസ് ഡി പി ഐ പ്രാദേശിക പ്രവർത്തകനാണ്. 

സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. സുബൈറിനെ മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണോ ഇതെന്ന് സംശയം ഉയർന്നിട്ടുണ്ട്. സുബൈറിനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവിനെ അക്രമികൾ ആക്രമിച്ചിട്ടില്ല. പാലക്കാട് എലപ്പുള്ളി ജങ്ഷനിൽ പട്ടാപ്പകൽ നടന്ന കൊലപാതകം നാടിനെ നടുക്കി.

Below Post Ad