‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ'; കുന്നംകുളത്തെ നിരാശനായ കള്ളന്റെ കുറിപ്പ് വൈറൽ


കുന്നംകുളം  : മോഷ്ടിക്കാൻ കയറിയ സ്ഥലത്ത് നിന്നും ഒന്നും കിട്ടാതായപ്പോൾ നിരാശനായ കള്ളൻ എഴുതിയ കുറിപ്പ് വൈറൽ . കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിൽ കയറിയ കള്ളനാണ് സ്ഥാപനത്തിൽ നിന്നും ഒന്നും കിട്ടാതായതോടെ നിരാശനായത്.

വ്യാപാര സമുച്ചയത്തിലെ മൂന്ന് കടകളിലാണ് കള്ളൻ കയറിയത്. കടകളുടെ പൂട്ട് പൊളിച്ച് അകത്തുകയറിയ കള്ളന് ഒരു കടയിൽ നിന്ന് പന്ത്രണ്ടായിരം രൂപ കിട്ടി, മറ്റൊരു കടയിൽ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. എന്നാൽ ചില്ലുവാതിൽ പൊളിച്ച് മൂന്നാമത്തെ കടയിൽ കയറിയ കള്ളൻ നിരാശനായാണ് മടങ്ങിയത്. കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. ഇതോടെ കള്ളൻ ഒരു ജോഡി ഡ്രസ് മാത്രം ഇവിടെ നിന്നും എടുത്തു. ഇത് പോരെന്ന് തോന്നിയപ്പോൾ ഒരു കുറിപ്പും എഴുതിവെച്ചു.

‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’ എന്ന് ചില്ലുകഷ്ണത്തിൽ കള്ളൻ കുറിച്ചുവെച്ചു.

രാവിലെ എത്തിയ കടയിലെ ജീവനക്കാരാണ് കുറിപ്പ് കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എവിടെയെങ്കിലും മോഷ്ടിക്കാൻ കയറിയാൽ സന്ദേശം എഴുതി വയ്‌ക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Below Post Ad