വളാഞ്ചേരിയിൽ ഇടിമിന്നലിൽ കിടക്ക നിർമാണ യൂനിറ്റ് കത്തിനശിച്ചു.

 


വളാഞ്ചേരി: ഇടിമിന്നലിൽ കിടക്ക നിർമാണ യൂനിറ്റ് കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. വളാഞ്ചേരി കാവുംപുറം കെ.ആർ ശ്രീനാരായണ കോളജിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കിടക്ക നിർമാണ യൂനിറ്റിനാണ് തീപിടിച്ചത്.കാളിയേല സ്വദേശി ചോലേങ്ങൽ സിദ്ദീഖിന്‍റെ ഉടമസ്ഥതയിലുള്ളതാണിത്.

തിങ്കളാഴ്ച ഉച്ചക്ക് 2.15ഓടെയാണ് തീപിടിത്തമുണ്ടായത്. മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ കെട്ടിടത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളിൽ തീപിടിക്കുകയായിരുന്നു. തുടർന്ന് തീ ഇരുനില കെട്ടിടത്തിനകത്തേക്ക് പടർന്നു. സംഭവസമയത്ത് സ്ഥാപനത്തിലെ ജീവനക്കാർ ഭക്ഷണം കഴിക്കുന്നതിന് പുറത്ത് പോയിരുന്നതിനാൽ വലിയദുരന്തം ഒഴിവായി.

നാട്ടുകാരും തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകളും ചേർന്നാണ് തീ അണച്ചത്. വൈകീട്ട് നാലോടെയാണ് തീ പൂർണമായി അണച്ചത്. വിൽപനക്ക് സൂക്ഷിച്ചിരുന്ന കിടക്കകൾ, തലയണകൾ എന്നിവയും നിർമാണ ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു. 

Tags

Below Post Ad