ദേശമംഗലം : ഗ്രാമപഞ്ചായത്തിലെ 14 -ാം വാർഡിൽ ഉൾപ്പെടുന്ന കടുക ശേരി മദ്രസ സ്റ്റോപ്പിനു സമീപം താമസിക്കുന്ന കൊഴിക്കര പുത്തൻവീട്ടിൽ വയോദികയായ 85 വയസ്സുകാരി ലക്ഷ്മി അമ്മ താമസിക്കുന്ന വീടാണ് ഇന്ന് കാലത്ത് 8. 30 ഓടുകൂടി പൂർണ്ണമായും തകർന്ന് നിലംപൊത്തിയത്.
ഇന്നലെ രാത്രി മുതൽ ശക്തമായ മഴയിലും കാറ്റിലും പെട്ടാണ് വീട് തകർന്നു വീണത്. കാലത്ത് 8 മണിയോടെ ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോൾ വീടിൻറെ ചുവരുകൾ വിണ്ടുകീറുന്നതായി കാണുകയും ഉടൻ തന്നെ മക്കളായ മനോജ് കുമാറും അനിൽകുമാറും ചേർന്ന് അടുത്തുതന്നെ താമസിക്കുന്ന ലക്ഷ്മി അമ്മയുടെ മകൾ വിജയത്തിൻറെ വീട്ടിലേക്ക് ലക്ഷ്മി അമ്മയെ മാറ്റുകയായിരുന്നു. അധികം വൈകാതെ ഇരുനില വീട് പൂർണ്ണമായും നിലംപൊത്തി.
ദൈവാധീനം ഒന്നുകൊണ്ടുമാത്രമാണ് തങ്ങൾ രക്ഷപ്പെട്ടത് എന്നും. കാലത്ത് സംഭവിച്ച ഈ അപകടം ഇന്നലെ രാത്രിയിലായിരുന്നെങ്കിൽ മൂന്നുപേരും മണ്ണിനടിയിൽ പെട്ടിരുന്നു എന്നും വീട്ടുകാർ പറഞ്ഞു.
വാർഡ് മെമ്പർ സി പി രാജൻ സംഭവസ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു. ഇന്ന് ഞായറാഴ്ച ഒഴിവു ദിവസമായതിനാൽ നാളെ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കുമെന്ന് സിപി രാജൻ പറഞ്ഞു.