ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തന രീതികളുമായി ബന്ധപ്പെട്ട് നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ദിവസേന പലതവണ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങൾ സുപ്രധാനമാണ്. ബാലൻസ് പരിശോധനകൾ, ഓട്ടോപേ അഭ്യർത്ഥനകൾ, പേയ്‌മെന്‍റ് പരാജയങ്ങൾ, ലിങ്ക് ചെയ്ത അക്കൗണ്ട് പരിശോധനകൾ തുടങ്ങിയ സവിശേഷതകളെയാണ് ഈ മാറ്റങ്ങൾ ബാധിക്കുക.
ബാലൻസ് പരിശോധനയ്ക്ക് പരിധി
പുതിയ നിയമങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് ഓരോ ആപ്പിലും ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. തിരക്കേറിയ സമയങ്ങളിലെ (പീക്ക് അവേഴ്സ്) ലോഡ് കുറയ്ക്കുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ഓരോ സാമ്പത്തിക ഇടപാടിനൊപ്പവും ഉപയോക്താവിന്‍റെ ബാലൻസ് ചേർക്കാൻ ബാങ്കുകൾക്ക് നിർബന്ധമുണ്ട്.