കശ്മീർ പരാമർശം: ജലീലിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

 
 

കെ.ടി ജലീൽ എംഎൽഎ യ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു. ഇന്ത്യൻ അധിനിവേശ കശ്മീർ പരാമർശത്തിലാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കീഴ് വായ്പൂര് എസ്എച്ച്ഒയ്ക്ക് കേസെടുക്കാൻ നിർദേശം നൽകിയത്.

 ആർഎസ്എസ് നേതാവ് അരുൺ മോഹൻ്റെ ഹർജിയിലാണ് കോടതി നടപടി. പരാമർശം ഉണ്ടായ ഉടൻ അരുൺ മോഹൻ കീഴ്‌വായ്പൂര് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

കശ്മീര്‍ സന്ദര്‍ശനവേളയിലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ ജലീല്‍ തന്റെ പ്രസ്താവന പിന്‍വലിച്ചിരുന്നു. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്. 

പരാമര്‍ശങ്ങള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞിരുന്നു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.


Tags

Below Post Ad