"പതിവു പോലെ പതിർവാണിഭവും ഉണ്ടായിരിക്കും”;യൂസഫ്‌ ഷാ എഴുതുന്നു


 

മകര കൊയ്ത്തു കഴിഞ്ഞ്‌ കറ്റ മെതിച്ച്‌  അവർ നെല്ലും പതിരും വേർതിരിച്ചെടുക്കും. നെല്ല് ഭൂവുടമക്ക്‌ നൽകുമ്പോൾ പതിർ അവർക്ക്‌ ‌ കൂലിക്കൊപ്പം പകുത്ത്‌ കൊടുക്കും. അതവർ സൊരുക്കൂട്ടി വെയ്ക്കും . 

 പൂരങ്ങളും നേർച്ചകളും കൊടികയറുന്നത്‌ വരെ പതിർ അവർ കാത്തു സൂക്ഷികും. പശി മാറാത്ത വയറിലെ  ആന്തലിന്റെ കടുപ്പം അനുഭവിച്ചറിയുന്ന പട്ടിണി കാലത്തെ ഉത്സവങ്ങൾക്ക്‌ ഈ പതിരിന്ന് പത്തരമാറ്റ്‌ സ്വർണ്ണത്തിന്റെ വിലയാണു.


കൊയ്ത്ത്‌ കഴിഞ്ഞ്‌ അറയും പത്തായവും നിറഞ്ഞ ജന്മിക്കും അധ്വാനിച്ച തൊഴിലാളികൾക്കും ആഘോഷത്തിന്റെ രാവുകൾ സമ്മാനിക്കുന്ന ഉത്സവങ്ങൾ പാലക്കാടൻ ഗ്രാമങ്ങളുടെ സവിശേഷതയാണു. പട്ടിണിയും പരിവട്ടവും എല്ലാം മറന്ന് ആഘോഷിക്കാനുള്ള മാർഗ്ഗമായിരുന്നു ഈ പൂരങ്ങളും നേർച്ചകളും .

കടവത്തെ നേർച്ചക്ക്‌ കാർഷികരംഗവുമായി ബന്ധമുണ്ട്‌. മകരമാസത്തിലെ കൊയ്ത്തു കഴിഞ്ഞയുടനെയാണു വി കെ കടവ് നേർച്ചയും  നടക്കുക. 

അതുകൊണ്ട്‌ തന്നെ കടവ്‌ നേർച്ച കർഷകത്തൊഴിലാളികളുടെ കൂടി ആഘോഷമായിരുന്നു. നേർച്ചയുടെ ഭാഗമായിരുന്ന "പതിർ വാണിഭം" തന്നെ നേർച്ചയും കർഷകരും തമ്മിലുള്ള ബന്ധത്തിനുദാഹരണമാണു.

"പതിവ്‌ പോലെ പതിർ വാണിഭവുമുണ്ടായിരിക്കുന്നതാണു". ഇന്നും നേർച്ചയുടെ നോട്ടിസിൽ ഇങ്ങനെ അച്ചടിച്ചു വെച്ചിരിക്കുന്നത്‌ കാണാം. എന്നാൽ പതിർവാണിഭം പുതുതലമുറക്ക്‌ നോട്ടീസിലെ അച്ചടിച്ച അക്ഷരകൂട്ടങ്ങൾ മാത്രമാണു. അത്‌ അനുഭവിച്ചറിഞ്ഞവരും ഇന്ന് വളരെക്കുറച്ച്‌ മാത്രം.

കൊയ്ത്തും മെതിയും കഴിഞ്ഞ്‌ കിട്ടിയ പതിരുമായി കർഷകരും തൊഴിലാളികളും നേർച്ചതലേന്ന് കടവത്തെത്തും . പൊന്നാനി, ചാവക്കാട്‌ ഭാഗത്ത്‌ നിന്നുള്ള മുക്കുവന്മാരും മീൻ വിൽപനക്കാരും യാറത്തിന്റെ അവിടെ സജീവമായിട്ടൂണ്ടാകും.


ഇരുവരും നടത്തുന്ന കച്ചവട സംവിധാനമായിരുന്നുവത്രെ ഈ പതിർ വാണിഭം. ഒരുകൂട്ടി വെച്ച  പതിരിന്ന് ബദലായി മീൻകാർ ഉണക്ക സ്രാവും ചെറുമീനുകളും നൽകുന്ന ബാർട്ടർ സമ്പ്രദായം.  പതിരിന്റെ തൂക്കത്തിനുസരിച്ചുള്ള ഉണക്ക മീൻ നൽകും.


പതിരിന്റെ സെഞ്ചിയിൽ നെല്ലിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ കുറച്ചധികം മീൻ കിട്ടുമത്രെ. കച്ചവടക്കാർക്ക്‌ കഞ്ഞിക്കുള്ള നെല്ലും പതിരിന്റെ കൂട്ടത്തിൽ ലഭിക്കുമെന്നത്‌ മറ്റൊരു ലാഭം .
കടവത്തുകാരിൽ നിന്ന് വാങ്ങുന്ന പതീർ ഉണക്കി തവിടാക്കി മുക്കുവന്മാർ മീൻ പിടിക്കാൻ ഉപയോഗിക്കുമെന്നാൺ പഴയ തലമുറയിൽപെട്ടവർ പറയുന്നത്‌.  അതിന്നു വേണ്ടിയാണു അവർ വാണിഭത്തിനെത്തിയിരുന്നതത്രെ.

വലിയ കാശ്‌ കൊടുത്ത്‌ മീനും ഇറച്ചിയും വാങ്ങാൻ കെൽപില്ലാത്തവർക്ക്‌ അനുഗ്രഹമായിരുന്നുവത്രെ ഈ പതിർ വാണിഭം. അതു കൊണ്ട്‌ തന്നെ പഴയകാലത്തെ നേർച്ചാഘോഷത്തിലെ ഏറ്റവും പകിട്ടുള്ളത്‌ പതിർ വാണിഭമായിരുന്നു.

നേർച്ചകളും പൂരങ്ങളും കൊടിയിറങ്ങുന്നത്‌ വരെ വാണിഭത്തിൽ നിന്ന് ഉണക്ക മീൻ വാങ്ങിക്കൂട്ടും. അടുക്കളയിൽ  അടുപ്പിന്ന് മുകളിലായി ഒരു കൊട്ട കെട്ടി അതിലിട്ട്‌ ഒരു കൊല്ലം വരെ ഉണക്കമീൻ സൂക്ഷിക്കുമത്രെ. വിശപ്പ്‌ മാറാൻ വറ്റ്‌ തികച്ചില്ലാത്ത കഞ്ഞിക്ക്‌ കൂട്ടാനായി ഈ ഉണക്കമീൻ അടുത്ത നേർച്ചക്കാലം വരെ കൂട്ടിനുണ്ടാകും.

നെൽകൃഷി നിലച്ച്‌ തുടങ്ങിയതൊടെ നേർച്ച കാഴ്ചകളിൽ നിന്ന് പതിർ വാണിഭവും പിൻവാങ്ങി. 1979-80 കാലം വരെ ആദ്യകാലത്തെ സജീവതയില്ലായിരുന്നില്ലെങ്കിലും  പതിർ വാണിഭമുണ്ടായിരുന്നുവെന്ന് പറയുന്നു.

ഇന്നും നേർച്ച തലേന്ന് മിൻ കച്ചവടമുണ്ട്‌. സ്രാവും ആവോലിയും അയക്കുറയും എല്ലാം നിരന്ന് കിടന്ന് കടവോരം ഒരു ചെറിയ കടലോരം ആയി മാറും. വലതും ചെറുതുമായ മീൻ കച്ചവടക്കാരാൽ പ്രൗഡമായ വാണിഭം . 

 വിലയെത്രയായാലും മീൻ വാങ്ങാനുള്ള തിക്കും തിരക്കുമുള്ള കച്ചവട സംവിധാനമായി മാറിയ പുതിയ വാണിഭം. പുതിയ ലോകത്തെ എല്ലാ മാറ്റങ്ങൾക്കൊപ്പം നേർച്ചയും മാറിയെന്ന് മാത്രം.

പട്ടിണിക്കാലത്തെ പതിർ വാണിഭത്തിലെ കൊടുക്കൽ വാങ്ങലുകളുടെ നന്മകളുടെ ഓർമ്മപ്പെടുത്തലായി നേർച്ചയുടെ നോട്ടീസിൽ ഇനിയെത്ര കാലമിങ്ങനെ എഴുതിവെക്കുമെന്ന് കണ്ടറിയണം. "പതിവു പോലെ പതിർ വാണിഭവുമുണ്ടായിരിക്കും"

(NB: വാണിഭം കണ്ടറിഞ്ഞവരിൽ നിന്ന്  കേട്ടറിഞ്ഞത്‌)

എഴുത്ത്: ✍️യൂസഫ്‌ ഷാ കെ വി

Tags

Below Post Ad