ആലപ്പുഴ: പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു.
ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം
1960കള്‍ മുതല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക സായാഹ്നങ്ങളിലേക്ക് കരുത്തുറ്റ ദാര്‍ശനിക ചിന്തകള്‍ പകര്‍ന്നുനല്‍കിയാണ് വൈലിത്തറ ശ്രദ്ധേയനായത്.
മതവും മനുഷ്യനും തമ്മിലുള്ള ജീവിത സമവാക്യത്തെ വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളെ തൊട്ട് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് മതപ്രഭാഷണ രംഗത്ത് വൈലിത്തറ പുതിയൊരു അധ്യായം തുറന്നത്.
അന്നോളം കേട്ടുപരിചയിച്ചതിനപ്പുറം മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രബോധന സദസുകളെ സാംസ്‌കാരിക സദസുകള്‍ കൂടിയാക്കിയ വൈലിത്തറയുടെ വൈഭവം ആഗോള മുസ്‌ലിം സമൂഹത്തില്‍ ഗൗരവമേറിയ ചര്‍ച്ചയായിരുന്നു.
1924 ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി ജനിക്കുന്നത് വൈലിത്തറ മുഹമ്മദ് മുസലിയാരാണ് പിതാവ്.
പ്രാഥമിക മത പഠനം കളത്തിപ്പറമ്പില്‍ മൊയ്തീന്‍ കുഞ്ഞ് മുസലിയാർ ഹൈദ്രോസ് മുസലിയാർ എന്നിവരിൽ നിന്നുമാണ്. കര്‍മശാസ്ത്രത്തിന്റെ ആദ്യപാഠങ്ങളാകട്ടെ ആലി മുസലിയാര്‍, വടുതല കുഞ്ഞുവാവ മുസലിയാര്‍ എന്നിവരില്‍ നിന്നും പഠിച്ചു
പന്ത്രണ്ടാം വയസില്‍ തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസില്‍ ചേര്‍ന്നു പാപ്പിനിപ്പള്ളി മുഹമ്മദ് മുസലിയാരായിരുന്നു അവിടത്തെ ഉസ്താദ്.
14 വയസായപ്പോള്‍ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസലിയാര്‍ അവര്‍കളുടെ ദറസില്‍ ചേര്‍ന്നു.
ആദ്യ പ്രഭാഷണം 18-ാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.
ആ പ്രസംഗം കേട്ട സ്വാമി അശ്ചര്യത്തോടെ കൈപിടിച്ചു അഭിനന്ദിച്ചു.
ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര.
മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുല്‍ ഉലൂം മദ്രസാ വാര്‍ഷികമായിരുന്നു. കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്‌ലിമീന്‍ മദ്രസാങ്കണത്തിൽ
17 ദിവസം തുടർച്ചയായി നടത്തിയ
പ്രസംഗം മലബാറിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു.
പാണക്കാട് പൂക്കോയ തങ്ങളുമായും ബാഫഖി തങ്ങളുമായും ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ് തുടങ്ങി പണ്ഡിതന്മാരുമായി അടുത്ത സൗഹൃദമായിരുന്നു ഉസ്താദിന്.
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 1963 ൽ നടന്ന പ്രഥമ സമ്മേളനത്തിൽ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ 7 ദിവസത്തെ പ്രഭാഷകൻ വൈലിത്തറ ഉസ്താദായിരുന്നു.