ഷൊർണൂർ : ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പോലീസ്. കൂനതറ പോണാട് സ്വദേശി അലീന ജോൺസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണം എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇന്നു ഉച്ചയോടെയാണ് ഷൊർണൂർ നഗരസഭ പരിധിയിലുള്ള ആറാണിയിലെ കരിങ്കൽ ക്വാറി മടയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.കൂനത്തറയിലെ സ്വന്തം വീട്ടിൽ നടക്കാനിരക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അലീന .
അലീനയും ഭർത്താവിന്റെ ബന്ധുക്കളുമായുള്ള കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഷൊർണൂർ പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തും.
