ദുബായ് :യുദ്ധത്തെ തുടർന്നു വിമാനക്കമ്പനികൾ സാധാരണ സർവീസുകൾ നിർത്തി പ്രത്യേക സർവീസിലേക്കു മാറിയതോടെ ചാർജും കുത്തനെ കൂടി. നേരത്തേ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകൾ വിമാനക്കമ്പനികൾ തന്നെ റദ്ദാക്കി.ബുക്കിങ് തുക മടക്കി ലഭിക്കുമെങ്കിലും ആദ്യ ടിക്കറ്റ് നിരക്കിന്റെ മൂന്നിരട്ടി ചെലവാക്കിയാണ് പലരും നാട്ടിലേക്ക് മടങ്ങിയത്
ഇൻഡിഗോയിൽ മാർച്ച് 5നു ദുബായിൽ നിന്നു നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്ത കുടുംബത്തിന് ഇന്നലെ എമിറേറ്റ്സിലാണു മടങ്ങാൻ കഴിഞ്ഞത്. രണ്ടു പേർക്ക് 53000 രൂപയ്ക്കാണ് ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെങ്കിൽ ഇന്നലെ മടങ്ങാൻ 1.5 ലക്ഷം രൂപ ചെലവായി.
എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങൾ കേരളത്തിലേക്കും തിരിച്ചും സ്പെഷൽ സർവീസ് നടത്തുന്നുണ്ട്. 1300 ദിർഹം (32500 രൂപ) മുതലാണ് ടിക്കറ്റ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ഇന്നു കേരളത്തിൽ നിന്ന് എമിറേറ്റ്സിന്റെ ദുബായ് ഫ്ലൈറ്റിന് 1300 ദിർഹം (32500 രൂപ) മുതലാണ് ചാർജ് തുടങ്ങുന്നത്. എയർ അറേബ്യ 1350 – 1700 വരെ(32500 രൂപ – 42500രൂപ) ഫ്ലൈദുബായ് 1550 (38750 രൂപ), ഇത്തിഹാദ് 3745 ദിർഹം (93625 രൂപ) എന്നിങ്ങനെയാണ് റേറ്റ്.
ഇതിൽ മിക്ക ടിക്കറ്റുകളും ലഗേജ് ഇല്ലാതെയുള്ള റേറ്റാണ് നൽകിയിരിക്കുന്നത്. ഇന്ന് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എമിറേറ്റ്സിന് 2400 ദിർഹവും (60000 രൂപ) അബുദാബിയിൽ നിന്ന് എയർ അറേബ്യക്ക് 2000ദിർഹവും (50000 രൂപ) ഫ്ലൈദുബായ് 2500 (62000 രൂപ) ദിർഹവുമാണ്നിരക്ക്
ഇതിന് പുറമെ ഏവിയേഷൻ ഇന്ധനവിലയിലെ വർദ്ധനവ് കാരണം മാർച്ച് 12 മുതൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകളിൽ ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. ആഭ്യന്തര സർവീസുകൾക്ക് ₹399-ഉം ഗൾഫ് പോലുള്ള അന്തർദേശീയ റൂട്ടുകളിൽ 10 ഡോളർ വരെയും അധിക ചാർജ് നൽകേണ്ടി വരും. പുതിയ ബുക്കിംഗുകൾക്കാണ് ഈ നിരക്ക് ബാധകം.
ഏവിയേഷൻ ഇന്ധനത്തിന്റെ തുക കുതിച്ചുയർന്നതാണ് തീരുമാനത്തിന് പിന്നിലെന്നും സർചാർജ് ഈടാക്കിയില്ലെങ്കിൽ വിമാനയാത്രകൾ റദ്ദാക്കേണ്ടി വരുമെന്നും വിമാനക്കമ്പനികൾ പറയുന്നു. വിമാനക്കമ്പനികളുടെ ചെലവിന്റെ നാൽപത് ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണ്.
അതേസമയം നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല. എന്നാൽ റീഷെഡ്യൂൾ ചെയ്യുകയോ തീയതി മാറ്റുകയോ ചെയ്താൽ അധികചാർജ് നൽകേണ്ടി വരും. മറ്റ് കമ്പനികളും ഉടൻ ഇന്ധനസർ ചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം
