തൃത്താല മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളേക്കുറിച്ച് ഇന്ന് തിരുവനന്തപുരത്ത് ‘കിഫ്ബി’ ഉന്നതോദ്യോഗസ്ഥരുമായി ചർച്ച നടത്തി. പല പദ്ധതികളും വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. അവയെല്ലാം പരമാവധി വേഗം നിർവ്വഹണ ഘട്ടത്തിലെത്തിക്കാനാണ് പരിശ്രമിക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട പലതരം ക്രമക്കേടുകളുടെ സമഗ്ര പരിശോധനയും അതിനേത്തുടർന്നുള്ള പൊളിച്ചെഴുത്തുമെല്ലാം വരാനിരിക്കുന്നുണ്ടെങ്കിലും നിലവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുക എന്നതാണ് യുഡിഎഫ് സർക്കാരിൻ്റെ പൊതുസമീപനം.
സുശീലപ്പടി റയിൽവേ ഓവർബ്രിജ് പദ്ധതിക്ക് ഇതുവരെ ടെണ്ടർ ഏറ്റെടുക്കാൻ ആരും ആയിട്ടില്ല. അതിനാൽ എത്രയും വേഗം പദ്ധതി റീടെണ്ടർ ചെയ്യാൻ വേണ്ടിയുള്ള തീരുമാനമെടുത്തിട്ടുണ്ട്. കൗതുകകരമായ കാര്യം ഇതൊന്നുമാവുന്നതിനു മുൻപേ പദ്ധതിയുടെ “നിർമ്മാണോദ്ഘാടനം”ചിലർ തിരക്കുപിടിച്ച് നടത്തിയിരുന്നു എന്നതാണ്. ടെണ്ടർ ആയിട്ടില്ല എന്ന കാര്യം വിമർശനമായി ഉയർന്നപ്പോൾ "നിർമ്മാണോദ്‌ഘാടനം" അവസാന നിമിഷത്തിൽ "നിർമ്മാണ പ്രഖ്യാപന ഉദ്ഘാടന"മെന്ന പ്രഹസനമായി മാറിയതും അന്ന് നാം കണ്ടു. ഏതായാലും അത്തരം ഗിമ്മിക്കുകളൊക്കെ വിട്ട് എത്രയും വേഗം പദ്ധതിയുടെ യഥാർത്ഥത്തിലുള്ള നിർമ്മാണമാരംഭിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
സുശീലപ്പടിയോടൊപ്പം നടപ്പാക്കേണ്ടിയിരുന്ന കരിയന്നൂർ റയിൽവേ മേൽപ്പാലം നിലവിൽ കിഫ്ബി ഉപേക്ഷിച്ച മട്ടാണ്. ഈ പദ്ധതിക്ക് പുനരുജ്ജീവൻ നൽകാനുള്ള നടപടികൾ തുടങ്ങിവക്കാനും ഇന്നത്തെ ചർച്ചയിൽ ധാരണയായി. കിഫ്ബിയുടേയും നിർവ്വഹണ ഏജൻസിയായ കെആർഎഫ്ബിയുടേയും ഉന്നതതല സംഘം അധികം വൈകാതെ കരിയന്നൂരിലെത്തും. അനുബന്ധ റോഡിനുള്ള സ്ഥലമേറ്റെടുപ്പ് അടക്കം ഉൾപ്പെടുത്തി പദ്ധതിയുടെ പുതിയ ഡിപിആർ തയ്യാറാക്കും. റയിൽവേ അനുമതികൾ കൂടി ലഭ്യമായാൽ പദ്ധതി നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയും.
ഉമ്മൻ ചാണ്ടി സർക്കാർ സംസ്ഥാന ബജറ്റിലൂടെ 130 കോടി രൂപ അനുവദിച്ച കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി റോഡ് പിന്നീട് പിണറായി സർക്കാർ വന്ന് കിഫ്ബിയിലേക്ക് മാറ്റിയതോടെ സ്തംഭനാവസ്ഥയിലാണ്. പത്ത് വർഷം കഴിഞ്ഞിട്ടും ഇവിടെ സ്ഥലമേറ്റെടുപ്പിനുള്ള 4(1) നോട്ടിഫിക്കേഷൻ ആയതേയുള്ളൂ. സാമൂഹികാഘാത പഠനമടക്കമുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ എത്രയും വേഗം പൂർത്തീകരിക്കാൻ റവന്യൂ വകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിക്കാൻ തീരുമാനമായിട്ടുണ്ട്.
മേഴത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌ക്കൂളിനുള്ള കെട്ടിടത്തിൻ്റേയും നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. ഇക്കാര്യത്തിലും അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
കൂറ്റനാട് ജംഗ്ഷൻ നവീകരണ പ്രവൃത്തികൾ പ്രദേശവാസികളുടെ ആവശ്യാനുസരണം ഉചിതമായ ഭേദഗതികളോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ പുതുക്കിയ ഡിസൈൻ തയ്യാറാക്കാൻ കെആർഎഫ്ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കിഫ്ബി ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം ബഹു.മുഖ്യമന്ത്രിയുമായും തൃത്താലയിലെ പദ്ധതികളുടെ കാര്യം നേരിൽക്കണ്ട് സംസാരിച്ചു. പദ്ധതികളുടെ പൂർത്തീകരണത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നാണ് അദ്ദേഹം ഉറപ്പുനൽകിയിരിക്കുന്നത്. ആഗസ്‌ത് മാസം മൂന്നാം വാരത്തിൽ ഇതു സംബന്ധിച്ച തുടർ വിലയിരുത്തൽ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
വിടി ബൽറാം
