വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ , ഓഫര്‍ ലെറ്റര്‍, വര്‍ക്ക് പെര്‍മിറ്റ്, വിമാന ടിക്കറ്റ് എന്നിവ തയ്യാറാക്കി അയച്ച് ഒരു ലക്ഷക്കി ഇരുപത്തിരണ്ടായിരം (1,22,600 ) രൂപയോളം തട്ടിയെടുത്ത കേസില്‍ കൈപ്പുറം സ്വദേശി അറസ്റ്റിൽ
തിരുവേഗപ്പുറ കൈപ്പുറം സ്വദേശി അഴകന്‍ കണ്ടത്തില്‍ അയ്യൂബിനെയാണ് (58) കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്
പാലക്കാട് സ്വദേശിയായ പരാതിക്കാരനുമായി 2026 മെയ് മുതല്‍ ജൂലൈ വരെ വാട്‌സാപ്പ് മുഖേന ബന്ധപ്പെട്ട് യു.എ.ഇയില്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
തുടര്‍ന്ന് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ ഓഫര്‍ ലെറ്റര്‍, യു.എ.ഇ വര്‍ക്ക് പെര്‍മിറ്റ്, വിമാന ടിക്കറ്റ് എന്നിവ വാട്‌സാപ്പ് വഴി അയച്ചുനല്‍കി. വിസയും മറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 1,22,600 രൂപ പരാതിക്കാരനില്‍ നിന്ന് കൈപ്പറ്റുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച് പരാതിക്കാരനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
ശാസ്ത്രീയ അന്വേഷണത്തിലൂടെ ഡിജിറ്റല്‍ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പാലക്കാട് ജില്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.പരാതിക്കാരനില്‍ നിന്ന് ലഭിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ച് ഉപയോഗിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി
പ്രതിക്കെതിരെ സമാന സ്വഭാവത്തിലുള്ള മറ്റൊരു കേസ് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ഇതേ രീതിയിലുള്ള മറ്റ് തട്ടിപ്പുമായി പ്രതിക്ക് ബന്ധമുണ്ടൊ എന്നതുൾപ്പടെ പോലീസ് അന്വേഷിക്കുന്നുണ്ട്
