സഹോദരിയുടെ രോഗാവസ്ഥയിൽ മനംനൊന്ത് സഹോദരൻ ജീവനൊടുക്കി. പിന്നാലെ സഹോദരിയും മരണത്തിന് കീഴടങ്ങി

 


സഹോദരിയുടെ രോഗാവസ്ഥയിൽ മനംനൊന്ത് സഹോദരൻ ജീവനൊടുക്കി; മണിക്കൂറുകൾക്കുള്ളിൽ ചികിത്സയിലായിരുന്ന സഹോദരിയും മരണത്തിന് കീഴടങ്ങി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് പി.ഡബ്ല്യു.ഡി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന കളത്തിപ്പറമ്പിൽ സുരേന്ദ്രൻ-സിന്ധു ദമ്പതികളുടെ മക്കളായ സുമ (26), ശരത് (22) എന്നിവരാണ് മരിച്ചത്.

​ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സുമ. വെള്ളിയാഴ്ച ഉച്ചയോടെ സുമയുടെ നില അതീവ ഗുരുതരമാണെന്ന വിവരമറിഞ്ഞാണ് പെരുമ്പാവൂരിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ശരത് വീട്ടിലെത്തിയത്. തുടർന്ന് പിതാവ് സുരേന്ദ്രൻ ഉച്ചയ്ക്ക് ഒന്നരയോടെ ആശുപത്രിയിലേക്ക് പോയി. ഈ സമയത്താണ് ശരത് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

​അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് ശരതിനെ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് രാത്രി എട്ടരയോടെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സുമയും മരണപ്പെട്ടു. ഇടപ്പള്ളിയിൽ കമ്പ്യൂട്ടർ ലാബ് അധ്യാപികയായിരുന്നു സുമ.

​ശനിയാഴ്ച വൈകീട്ടോടെ ഇരുപതുകാരായ സഹോദരങ്ങളുടെയും മൃതദേഹങ്ങൾ ചാപ്പാറ നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ കുടുംബം രണ്ടു വർഷം മുമ്പാണ് പുല്ലൂറ്റേക്ക് താമസം മാറ്റിയത്.

Tags

Below Post Ad