ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വയനാട് സ്വദേശി നരോത്തം സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പടിഞ്ഞാറെത്തറ സ്വദേശി ദാസന്റെ മകൻ അമൽ (29) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
കുറ്റിപ്പുറം–തൃശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് മുൻവശത്ത് ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് എറണാകുളത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ശക്തമായ ഇടിയിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ഉടൻ സമീപത്തെ സൺറൈസ് ആശുപത്രിയിലെത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച സെൽബിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും മറ്റ് നിയമനടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.
