പട്ടാമ്പി: പട്ടണത്തിനിരുവശവും തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി നൂറ്റിയൊമ്പതാമത് പട്ടാമ്പിനേർച്ച കണ്ണിന് വിരുന്നായി. കോവിഡിനുശേഷം പൂർണമായ ആഘോഷങ്ങളോടെനടന്ന നേർച്ചയിൽ വിവിധ ജില്ലകളിൽനിന്നായി നിരവധിപേർ എത്തി.
ആചാരപ്പെരുമയും ഗജവീരന്മാരും താളമേള വിസ്മയങ്ങളും പട്ടാമ്പിയിൽ സംഗമിച്ചു. ഞായറാഴ്ചരാവിലെ കൊടിയേറ്റത്തിന് മുന്നോടിയായി വിവിധഭാഗങ്ങളിൽനിന്നുള്ള ഉപ ആഘോഷക്കമ്മിറ്റികൾ പട്ടാമ്പി ബസ്‌സ്റ്റാൻഡ് പരിസരത്തെത്തി. തുടർന്ന്, കേന്ദ്ര നേർച്ചയാഘോഷക്കമ്മിറ്റി ഭാരവാഹികളുടെയും പാരമ്പര്യ അവകാശികളുടെയും നേതൃത്വത്തിൽ കൊടിയേറ്റത്തിന് ഘോഷയാത്രയായി പുറപ്പെട്ടു.
മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ., പട്ടാമ്പി നഗരസഭാ ഉപാധ്യക്ഷൻ ടി.പി. ഷാജി, കേന്ദ്ര ആഘോഷക്കമ്മിറ്റി പ്രസിഡന്റ് മുരളീധരൻ വേളേരിമഠം, ജനറൽ സെക്രട്ടറി അലി പൂവത്തിങ്കൽ, ഖജാൻജി കെ.വി. കബീർ തുടങ്ങിയവർ അനുഗമിച്ചു.
യാറം പരിസരത്ത് ഘോഷയാത്ര എത്തിയശേഷം കൊടിയേറ്റം നടന്നു. വൈകീട്ട് ഉപ ആഘോഷക്കമ്മിറ്റികൾ മേലേ പട്ടാമ്പിയിൽ സംഗമിച്ചു.തുടർന്ന്, കേന്ദ്ര നേർച്ചയാഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരപ്രദക്ഷിണ മതസൗഹാർദ ഘോഷയാത്ര നടന്നു. നെറ്റിപ്പട്ടംകെട്ടിയ കൊമ്പന്മാർ, ബാൻഡ് മേളം, വിവിധ വാദ്യങ്ങൾ തുടങ്ങിയവ അകമ്പടിയായി. അമ്പതിലധികം ആനകൾ ഘോഷയാത്രയിൽ അണിനിരന്നു.
രാത്രി വിവിധയിടങ്ങളിൽ ബാൻഡ്‌വാദ്യ മത്സരം, ഗാനമേള തുടങ്ങിയവ നടന്നു. പോലീസ്, അഗ്‌നിരക്ഷാസേന, ട്രോമാകെയർ യൂണിറ്റുകൾ എന്നിവയും സജ്ജമാക്കിയിരുന്നു.