തൃത്താല: ആലൂർ കുണ്ടുകാടിൽ ഗാനമേള നടത്തിയത് ചോദ്യംചെയ്യാനെത്തിയ പോലീസുകാർക്കുനേരെ ആൾക്കൂട്ടത്തിന്റെ കൈയേറ്റം.
സംഭവത്തിൽ പരിക്കേറ്റ എസ്.ഐ. ഉൾപ്പെടെ എട്ടു പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. സംഘട്ടത്തിനിടെ പോലീസ് ജീപ്പിന്റെ കണ്ണാടിയും തകർത്തു.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. അനുമതിയില്ലാതെ ഗാനമേള നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് തൃത്താല എസ്.ഐ. രമേഷിന്റെ നേതൃത്വത്തിൽ ഏഴ് പോലീസുകാർ സംഭവസ്ഥലത്തെത്തിയത്.
യുണൈറ്റഡ് ക്ലബ്ബ് കുണ്ടുകാടിന്റെ നേതൃത്വത്തിലാണ് ഗാനമേള നടന്നത്. രാത്രി പത്തുമണിയായതിനാൽ ഗാനമേള തുടരാൻ അനുവദിച്ചില്ല. ഇതിൽ പ്രകോപിതരായ നൂറിലധികംപേർ പോലീസിനെതിരേ തിരിയുകയായിരുന്നു.
ജനക്കൂട്ടം പോലീസുകാരെ കൈയേറ്റം ചെയ്യുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തതായി പരാതിയുണ്ട്. വാഹനത്തിന്റെ വലതുവശത്തുള്ള കണ്ണാടി അടിച്ചുപൊട്ടിക്കുകയും വണ്ടി തടഞ്ഞിടുകയും ചെയ്തു. വാഹനത്തിന് 12,000 രൂപയുടെ നഷ്ടമുണ്ടായതായി പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ആൾക്കൂട്ടം കൂടുതൽ അക്രമാസക്തമായതിനെത്തുടർന്ന് പോലീസിന് പിന്മാറേണ്ടിവന്നു. പരിക്കേറ്റ പോലീസുകാർ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ തേടി. എസ്.ഐ. രമേഷിനുപുറമേ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലത്തീഫ്, അനൂപ്, ധർമേഷ്, സി.പി.ഒ.മാരായ അനീഷ് കുമാർ, സുരേഷ് ബാബു, പ്രശാന്ത്, രമേഷ് എന്നിവരാണ്
പോലീസ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെത്തുടർന്ന് ആലൂർ സ്വദേശികളായ കബീർ, താഹിർ എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന 60 പേർക്കെതിരേയും തൃത്താല പോലീസ് കേസെടുത്തു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.