കുമരനെല്ലൂര്‍ : വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ അവശതനേരിടുന്ന പിതാവ് കാത്തിരിപ്പിലാണ് മകന്‍റെ ഭൗതികശരീരത്തിനായി.
കഴിഞ്ഞദിവസം പാകിസ്ഥാന്‍ ജയിലില്‍ മരിച്ചതെന്ന് വിവരം കിട്ടിയ മകന്‍ സുല്‍ഫിക്കറിന്‍റെ പിതാവാണ് കപ്പൂര്‍ മാരായംകുന്ന് സ്വദേശി അബ്ദുള്‍ ഹമീദ് ഹാജി.
തനിക്ക് 80 വയസായതിനാല്‍ ദൂരയാത്രകളൊന്നും സാധ്യമല്ലന്നും അതിനാല്‍ കേരളത്തിലെവിടെയെങ്കിലും മൃതദേഹം എത്തിച്ചു തരുമെന്നതാണ് തന്‍റെ വിശ്വാസമെന്ന് ഹമീദ്ഹാജി.
താന്‍ മൃതദേഹം ഏറ്റുവാങ്ങില്ലന്ന പല പ്രചരണങ്ങളും, മകന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായ ആരോപങ്ങളും നടക്കുന്നുണ്ടങ്കിലും അതെല്ലാം അടിസ്ഥാന രഹിതമാണ്. തന്‍റെ മൂന്ന് മക്കളില്‍ രണ്ടാമനാണ് സുല്‍ഫിക്കര്‍. മൂത്തമകന്‍ അന്‍വര്‍, മൂന്നാമത്തെമകന്‍ മുഹമ്മദ് കുട്ടിയും വിദേശത്താണ്. അരുടെ ഭാര്യമാരോടപ്പമാണ് താമസം.
ഖത്തറില്‍ നിന്നും 2018 ലാണ് സുള്‍ഫിക്കര്‍ അവസാനമായി നാട്ടില്‍ വന്ന് പോയത്. ഏറെ നാളായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍, പിന്നീട് സുള്‍ഫിക്കറിനെ കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു.
ഇതിന് ശേഷമാണ് സുള്‍ഫിക്കര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ വീട്ടില്‍ വിവരങ്ങള്‍ ലഭിക്കുന്നത്. നേരത്തെ, ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സുള്‍ഫിക്കര്‍ വിദേശത്ത് ഉണ്ടായിരുന്നത്.
അതിര്‍ത്തി ലംഘിച്ച് എത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി പാകിസ്ഥാനില്‍ അറസ്റ്റിലായെന്നും ഈ മത്സ്യത്തൊഴിലാളിയാണ് കറാച്ചി ജയിലില്‍ മരിച്ചതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള അറിയിപ്പ്. നടപടിക്രമം പൂര്‍ത്തിയാവുന്ന മുറക്ക് പഞ്ചാബിലെ അമൃതസറില്‍ അതിർത്തിയിൽ വെച്ച് മൃതദേഹം കൈമാറും.
അതേസമയം, മൃതദേഹം എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലന്നും തിരിച്ചറിയല്‍ നടപടി പൂര്‍ത്തിയാക്കി ജില്ലകലകട്ര്‍ മുഖേനയാണ് വിവരങ്ങള്‍ ലഭിക്കുകയെന്നും തൃത്താല പൊലീസും പട്ടാമ്പി തഹസില്‍ദാരും അറിയിച്ചു.