ചാലിശ്ശേരി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഏപ്രിൽ 14 ന് ആരംഭിക്കും

 


ചാലിശ്ശേരി: പാലക്കാട്, മലപ്പുറം തൃശ്ശൂർ ജില്ലകളുടെ സംഗമ കേന്ദ്രമായ ചാലിശ്ശേരിയിൽ മുലയമ്പറമ്പത്ത്കാവ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഏപ്രിൽ 14 ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും മുൻ ദേശീയ താരവുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്യും.

 ചാലിശ്ശേരി  സോക്കർ അസോസിയേഷൻ 'ആരവം' 2024 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരം നിരവധി ഫുട്ബോൾ താരങ്ങൾക്ക് ജന്മമേകിയ ചാലിശ്ശേരി മാർവൽ ക്ലബ്ബും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജന ശ്രദ്ധ നേടിയ സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുമാണ് നേതൃത്വം നൽകുന്നത്. ഒരേ സമയം 7500 പേർക്ക് ഇരുന്ന് കാണാനാവുന്ന താത്ക്കാലിക  ഗാലറിയാണ് മത്സരത്തിനായി മുലയമ്പറമ്പത്ത് ക്ഷേത്ര മൈതാനിയിൽ ഒരുക്കിയിട്ടുള്ളത്.

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദേശതാരങ്ങൾ പങ്കെടുക്കുന്ന പ്രശസ്തമായ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി.വി. ബാലകൃഷ്ണൻ, കൺവീനർ എം.എം. അഹമ്മദുണ്ണി എന്നിവർ പറഞ്ഞു.

ജിംഖാന തൃശ്ശൂർ, കെ.എഫ്.സി. കാളികാവ്, മെഡിഗാസ് അരിക്കോട്, ബേയ്സ് പെരുമ്പാവൂർ, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, എ. വൈ.സി ഉച്ചാരക്കടവ്, അൽ മദീന ചെർപ്പുളശ്ശേരി, കെ.ആർ.എസ്. കോഴിക്കോട്,ഉഷ എഫ്.സി.തൃശ്ശൂർ,അഭിലാഷ് കൂപ്പൂത്ത്, ഫിഫ മഞ്ചേരി, ടോപ് മോസ്റ്റ് തലശ്ശേരി, റോയൽ ട്രാവൽസ് കോഴിക്കോട്, ശാസ്താ മെഡിക്കൽസ് തൃശ്ശൂർ,സബാൻ കോട്ടക്കൽ, ഫിറ്റ് വെൽ കോഴിക്കോട് തുടങ്ങിയ ദേശീയ തലത്തിൽ പ്രമുഖരായ 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 

സംസ്ഥാന ദേശീയ മത്സരങ്ങളിൽ ശ്രദ്ധനേടീയ സ്റ്റേറ്റ് താരങ്ങളോടൊപ്പം , ദേശീയവും, അന്തർദ്ദേശീയവുമായ മത്സരങ്ങളിൽ പങ്കെടുത്ത പ്രമുഖരായ ഫുട്ബോൾ താരങ്ങളുടെ വാശിയേറിയ മത്സരം ഒരു മാസത്തിലധികം നീണ്ടുനിൽക്കുമെന്നും ഫുട്ബോൾ പ്രേമികൾക്ക് ആസ്വദിച്ച് കാണാനുള്ള  ഫ്ലഡ്ലൈറ്റ്  സ്റ്റേഡിയമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും സംഘാടകർ  അറിയിച്ചു.

സീസൺ ടിക്കറ്റുകളുടെ വില്പന മാർച്ച് ഒന്നിന് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു.  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, കലാകായിക പ്രതിഭകളുടെ ഉന്നമനത്തിനായും ലക്ഷ്യം വെക്കുന്ന ഫുട്ബോൾ മത്സരം കാണുന്നതിന് കോഴിക്കോട് മുതൽ എറണാംകുളം വരെയുള്ള ഫുട്ബോൾ പ്രേമികൾ ചാലിശ്ശേരിയിൽ എത്താറുണ്ടെന്നും, സംസ്ഥാനത്തെയും, ദേശീയ തലത്തിലുമുള്ള സ്പോർട്ട്സ് താരങ്ങൾ അതിഥികളായി മത്സരദിവസങ്ങളിൽ ക്ഷണിതാക്കളായി എത്തുമെന്നും സംഘാടകർ അറിയിച്ചു.

Below Post Ad