ദേശമംഗലം :പട്ടികജാതി - പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ യു. ആർ. പ്രദീപ് ഉത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിൻറെ മികവ് എന്നു പറയുന്നത് പാഠപുസ്തകത്തിൽ നിന്നുള്ളവ പഠിച്ച് പരീക്ഷയിൽ ഉന്നത വിജയം നേടുക എന്നത് മാത്രമല്ല കലാപരമായും, ശാസ്ത്രപരമായും, കായികപരമായും, കുട്ടികളിലുള്ള വാസനകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും അത്തരം കാര്യങ്ങളിൽ കൂടി കുട്ടികളെ മികച്ചവരാക്കുകയും ചെയ്യുക എന്നതും കൂടി ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം കലാപരിപാടികളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് യു. ആർ. പ്രദീപ് പറഞ്ഞു.
കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും, ഗസൽ ഗായികയും സംഗീത സംവിധായികയുമായ നിസ അസീസി മുഖ്യാതിഥിയായി പങ്കെടുത്തു.
പി ടി എ പ്രസിഡണ്ട് കെ. എസ്. ദിലീപിന്റെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ ദേശമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. പുഷ്പജ 1 വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുശീല, സ്കൂൾ എസ്. എം. സി. ചെയർമാൻ യു. അനീഷ്, മദർ പിടിഎ പ്രസിഡണ്ട് വി. എം. മോനിഷ, ജി. വി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ എ ശ്രീകല, വി. . എസ്. ഇ. പ്രിൻസിപ്പൽ പി സൈബ, സ്കൂൾ യൂണിയൻ ചെയർപേഴ്സൺ കെ. എം. ഫർസാന ഫാത്തിമ, സ്കൂൾ പ്രധാനധ്യാപിക കെ കെ പി സംഗീത എന്നിവർ പങ്കെടുത്തു സംസാരിച്ചു.
നിസ അസീസിക്ക് സ്കൂൾ നൽകുന്ന ഉപഹാരം യു.ആർ. പ്രദീപ് കൈമാറി, തുടർന്ന് വേദിയിൽ ഗസൽ മഴയായി നിസ അസീസി പെയ്തിറങ്ങി
സ്കൂൾ പ്രധാനാധ്യാപിക കെ. കെ. പി. സംഗീത രചിച്ച് അധ്യാപകരായ ബ്ലസ്സൻ, ജോയൽ എന്നിവരുടെ വാദ്യോപകരണ അകമ്പടിയോടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച മൂന്ന് വേദികളിലായി രണ്ട് ദിവസങ്ങളിൽ നിറഞ്ഞാടിയ കലോത്സവത്തിൽ യു. പി , എൽ. പി, ഹൈസ്കൂൾ, സെക്കൻഡറി വിഭാഗങ്ങളിലായി നാടൻ പാട്ട്, വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിരക്കളി, മാർഗംകളി, നാടോടി നൃത്തം, അറബനമുട്ട്, ദഫ് മുട്ട് , കോൽക്കളി, മാപ്പിളപ്പാട്ട്, അറബിഗാനം തുടങ്ങി വിവിധയിനം കലാപരിപാടികളാണ് അരങ്ങേറിയത്. ഇന്ന് പെയ്ത കനത്ത മഴയിലും മത്സരാർത്ഥികളുടെ ആവേശം ഒട്ടുംചൊരാതെയും, കാണികളായ എത്തിയ വിദ്യാർത്ഥികളും അധ്യാപകരും മറ്റു നാട്ടുകാരുമെല്ലാം മത്സരാർത്ഥികൾക്ക് ആവേശം പകരുന്നതും കാണാമായിരുന്നു.
കൂടാതെ ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, പൈനാപ്പിൾ, ക്യാരറ്റ് മുതൽ എണ്ണക്കടികളായ പഴംപൊരി, പരിപ്പുവട, ഉഴുന്നുവട, സമൂസ, ബ്രഡ് പൊരി, തുടങ്ങി വിവിത തരം പലഹാരങ്ങളും നിരത്തിവെച്ച വിപണന ഡസ്കുകളും ശ്രദ്ധേയമായി.
അഷറഫ് ദേശമംഗലം