എടപ്പാളിൽ കെഎസ്ആർടിസി ബസ്സും ഇരുചക്രവാനവും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആലൂർ സ്വദേശി ഷിനു (22) മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈലാസിന് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ 12.45 നാണ് സംഭവം.
ഷിനുവും സുഹൃത്തായ കൈലാസും പെരുമ്പിലാവിലുള്ള മറ്റൊരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരവേ എടപ്പാൾ മേൽപ്പാലത്തിലേക്ക് കയറുകയും വഴി മാറിയതിനെ തുടർന്ന് തിരിച്ച് എടപ്പാൾ ടൗണിലേക്ക് വരുന്ന വഴി ചങ്ങരംകുളം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പിറകിൽ ഇരിക്കുകയായിരുന്ന ഷീനു തെറിച്ചു വീഴുകയായിരുന്നു.
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഷിനു മരണപ്പെടുകയായിരുന്നു. ആലൂർ കൂട്ടത്ത് വളപ്പിൽ ചന്ദ്രൻ്റെ മകനാണ് മരണപ്പെട്ട ഷിനു. ചങ്ങരംകുളം പോലീസ് നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.