ചേലക്കര ചെങ്കോട്ട തന്നെ;യുആർ പ്രദീപ് വിജയം ഉറപ്പിച്ചു

 


പാലക്കാട്: ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് എല്‍ ഡി എഫ്. വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ തന്നെ നേതാക്കള്‍ വിജയം ഉറപ്പിച്ച് മുന്നിലെത്തി. 'ചെങ്കോട്ടയാണ് ഈ ചേലക്കര' എന്നാണ് മുന്‍ എം എല്‍ എയും മന്ത്രിയുമായിരുന്നു കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'എല്‍ ഡി എഫിന് ഉജ്ജലം വിജയം തുടക്കം മുതല്‍ പ്രതീക്ഷിച്ചിരുന്നു. ആ രീതിയില്‍ തന്നെയാണ് വോട്ടെടുപ്പ് മുന്നോട്ട് പോകുന്നത്. അവസാനം വരെ അത് ആ രീതിയില്‍ മുന്നേറുന്നത്. മൂന്നോളം പഞ്ചായത്തിലെ വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്. അതുംകൂടെ കഴിയുന്നതോടെ വ്യക്തമായ ലീഡിലേക്ക് മുന്നോട്ട് പോകും' കെ രാധാകൃഷ്ണന്‍ പറഞ്ഞു.


തുടക്കം മുതല്‍ തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് സ്ഥാനാർത്ഥി യുആർ പ്രദീപും അഭിപ്രായപ്പെട്ടു. 'ചേലക്കരയിലെ ജനത എല്‍ ഡി എഫ് സ്ഥാനാർത്ഥികളെ ചേർത്ത് പിടിച്ചിട്ടേയുള്ളു. ഞങ്ങള്‍ നടത്തിയ ഇടപെടലുകള്‍ എല്ലാം അത്രയും സത്യസന്ധമായിട്ടായിരുന്നു. 

അവരോട് പറഞ്ഞിട്ടുള്ള വാക്കുകള്‍ എല്ലാം അതേ അർത്ഥത്തില്‍ പ്രവാർത്തികമാക്കാന്‍ സാധിച്ചു. അതിനാല്‍ തന്നെ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മികച്ച ആത്മവിശ്വാസത്തിലാണ്. ചേലക്കരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ കൈവിടില്ലെന്ന് ഉറപ്പായിരുന്നു. ഭൂരിപക്ഷം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്' യുആർ പ്രദീപ് പറഞ്ഞു

Below Post Ad