പെരിന്തൽമണ്ണ | വിൽപനയ്ക്കായി എത്തിച്ച 68 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. പരിശോധനയ്ക്കിടെ പോലീസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താനും പ്രതികൾ ശ്രമിച്ചതായി പോലീസ് അറിയിച്ചു.
മങ്കട കൂട്ടിൽ സ്വദേശി പട്ടാണി മുഹമ്മദ് ഫാസിൽ (30), തൃത്താല പട്ടിത്തറ സ്വദേശി തെങ്കുളം അബു താഹിർ (32), തിരൂർ പുറത്തൂർ സ്വദേശി പേടൂർ സനൽ (33) എന്നിവരാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ അരക്കുപറമ്പ് കുളത്തിൽപീടികയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ മാസം പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജിൽനിന്ന് 11.63 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് മയക്കുമരുന്ന് എത്തിച്ചുനൽകിയത് മുഹമ്മദ് ഫാസിലാണെന്ന് പോലീസിന് വിവരം ലഭിച്ചത്. ഇയാൾ അരക്കുപറമ്പ് മേഖലയിൽ ലഹരിവിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു.
ഫാസിലിൽനിന്ന് എംഡിഎംഎ വാങ്ങുന്നതിനായി ഇയാൾ അയച്ച ലൊക്കേഷൻ അനുസരിച്ച് അബു താഹിറും സനലും കാറിലെത്തി. വാഹനത്തിനുള്ളിൽവച്ച് ലഹരിമരുന്ന് കൈമാറുന്നതിനിടെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടതോടെ കാർ മുന്നോട്ടെടുത്ത് ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച പ്രതികൾ സമീപത്തെ വീടിന്റെ മുറ്റത്തേക്ക് വാഹനം ഓടിച്ചുകയറ്റി. കാറിന്റെ ഡോർ തുറക്കാതിരുന്നതിനെത്തുടർന്ന് ഗ്ലാസ് തകർത്താണ് മൂന്നുപേരെയും കീഴ്പ്പെടുത്തിയത്.
മുഹമ്മദ് ഫാസിലിന്റെ പേരിൽ നിലവിൽ രണ്ട് എൻഡിപിഎസ് കേസുകളുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയതിനു പിന്നാലെ വീണ്ടും ലഹരിവിൽപനയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അബു താഹിറിന്റെ പേരിൽ അടിപിടിക്കേസും സനലിന്റെ പേരിൽ ലഹരിക്കേസുകളും വധശ്രമക്കേസുകളും നിലവിലുണ്ട്. പിടികൂടിയ എംഡിഎംഎയുടെ ഉറവിടവും സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവിൽപനയ്ക്കെതിരായ നടപടികൾ ശക്തമായി തുടരുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ അറിയിച്ചു.
ഡിവൈഎസ്പി ഗോപകുമാർ, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ സജീവൻ, അഡീഷണൽ എസ്ഐ ബൈജു, സുരേന്ദ്രബാബു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കൊളത്തൂർ സിഐ സി.കെ. നൗഷാദിന്റെ സാന്നിധ്യത്തിലാണ് തുടർനടപടികൾ പൂർത്തിയാക്കിയത്.
